എറണാകുളം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ രേഖകളും ഹാജരാക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള രേഖകളാണ് സിംഗിൾ ബഞ്ച് വിളിച്ചു വരുത്തുന്നത്. ശിവശങ്കറിനെതിരായ കേസുകൾ വ്യത്യസ്‌തമാണെന്ന വാദത്തിൽ വ്യക്തത വരുത്താനാണ് നടപടി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് മുഖ്യ സൂത്രധാരനെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. താൻ അസുഖ ബാധിതനാണ് എന്ന് കാണിച്ചുകൊണ്ട് ജാമ്യത്തിനായി ശിവശങ്കർ കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ മറുപടി വാദത്തിനായി ശിവശങ്കറിന്‍റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു.
കേസിൽ അവ്യക്തതകളുണ്ടെന്ന് പറഞ്ഞ കോടതി നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ തുടർച്ചയായാണ് ലൈഫ് മിഷൻ കേസും ഡോളർ കടത്തുകേസും എന്നതിനാൽ ഇവ ഒരുമിച്ച് അന്വേഷിക്കാനാവില്ലേയെന്ന് ചോദിച്ചിരുന്നു. ശിവശങ്കറിന്‍റെ അഭിഭാഷകൻ ഒരേ വിഷയത്തിലുള്ള കേസിൽ വ്യത്യസ്‌ത കേസുകൾ എടുക്കാൻ പാടില്ലെന്ന് വാദിക്കുകയും ചെയ്‌തിരുന്നു. ഇതിനെതുടർന്നാണ് ലൈഫ് മിഷൻ കോഴക്കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചത്. എന്നാൽ മൂന്നും വ്യത്യസ്‌ത കേസുകളാണെന്നായിരുന്നു ഇഡിയുടെ വാദം.
ശിവശങ്കറിന്‍റെ ജാമ്യ ഹർജിയിൽ അന്തിമ വാദം ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും കോടതി നടത്തുക. അതേ സമയം കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടും മറ്റ് തെളിവുകളും ഇ ഡി മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. വേണുഗോപാല്‍, സ്വപ്‌ന സുരേഷ്, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളടക്കമാണ് കൈമാറിയത്. എന്നാൽ മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നതിനെ ശിവശങ്കർ എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല.
കൈക്കൂലിയായി കിട്ടിയ പണം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമുണ്ടെന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു. നേരത്തെ അസുഖവിവരം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയില്‍ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി ശിവശങ്കറിന്‍റെ അഭിഭാഷകനാട് ചോദിച്ചിരുന്നു. ശിവശങ്കറിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രിൽ ആദ്യ ആഴ്‌ചയിലേക്ക് മാറ്റി.