എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ബ്രഹ്മപുരത്ത് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ബ്രഹ്മപുരത്ത് ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ല കലക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്‍റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയെയാണ് കോടതി നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണമെന്നും കോടതി നിർദേശം നൽകി.
കോർപ്പറേഷന് കോടതി വിമർശനം: മാലിന്യ പ്ലാന്‍റിലെ എട്ട് സെക്‌ടറുകളിൽ ആറ് സെക്‌ടറിലെ തീ അണച്ചുവെന്നും രണ്ട് സെക്‌ടറുകളിൽ പുക ഉയരുന്നുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. പുകയുടെ തീവ്രത കൂടുതലല്ലെയെന്നും എത്രനാൾ ജനങ്ങൾ ഇത് സഹിക്കണമെന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുയർത്തിയിരുന്നു. രണ്ട് ദിവസമായി രാത്രിയിലും തീയും പുകയും നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് കോർപറേഷൻ അറിയിച്ചത്.
അതേസമയം തീ എപ്പോൾ പൂർണമായും കെടുത്താൻ സാധിക്കുമെന്നതിൽ ജില്ല കളക്‌ടർ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നാളെ തന്നെ പുനരാരംഭിക്കാനും കോടതി കോർപ്പറേഷന് കർശന നിർദേശം നൽകി. മാലിന്യ നീക്കം തടസപ്പെട്ടതു മൂലവും, പുക കാരണവും ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരവും ഉണ്ടാകണം.
ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കർമ്മ പദ്ധതി സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി. ബ്രഹ്മപുരത്തെ അവസ്ഥ മോശമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്‌ച പരിഗണിക്കും.
also read: ബ്രഹ്മപുരം തീപിടിത്തം; ആരോഗ്യവകുപ്പ് സര്‍വേ നടത്തും, ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ
മാർച്ച് രണ്ടിനാണ് കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഒരാഴ്‌ചയിൽ അധികമായി സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ തീ 80 ശതമാനത്തോളം അണക്കാൻ കഴിഞ്ഞെങ്കിലും ദിവസങ്ങളായി കത്തിയമർന്ന മാലിന്യങ്ങളിൽ നിന്നുള്ള പുക കൊച്ചി നഗരത്തിലെ ജനജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പുകമറയിൽ സർക്കാരും ആരോഗ്യവകുപ്പും: പുക നിയന്ത്രിക്കുന്ന കാര്യത്തിൽ ഇതുവരെയും സർക്കാരിനോ ആരോഗ്യവകുപ്പിനോ വ്യക്തത വരുത്താനായിട്ടില്ല. പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ ബ്രഹ്മപുരത്ത് പ്ലാസ്‌റ്റിക് മാലിന്യങ്ങൾ തള്ളുന്നത് അനുവദനീയമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം പുക ശ്വസിച്ച് പ്രദേശത്തെ വീടുകളിൽ കഴിയുന്ന ആർക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സർവേ നടത്താനും തീരുമാനം ആയിട്ടുണ്ട്.
ആരോഗ്യ സർവേ: ഓരോ വീടുകളിലും എത്തി പരിശോധന നടത്താനും ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവർ ഇന്ന് സ്ഥലം സന്ദർശിച്ചു. ബ്രഹ്മപുരത്തെ ഗുരുതരാവസ്ഥ കൊച്ചി നഗരസഭ സർക്കാരിനെ അറിയിക്കാൻ വൈകിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.