എറണാകുളം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് റജിസ്റ്റർ ചെയ്‌ത കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ ബുധനാഴ്‌ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. പ്രതി സ്വപ്‌നക്ക് ഉന്നത സ്വാധീനമുള്ളതിനാൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകരുതെന്നാണ് കസ്റ്റംസ് വാദം. രോഗികളെ പോലും ചെക്ക് പോസ്റ്റിൽ പരിശോധിക്കുമ്പോഴാണ് സ്വപ്‌ന ഒരു തടസവും കൂടാതെ ബെംളൂരുവിൽ എത്തിയത്. സ്വപ്‌നയുടെ കുറ്റസമ്മത മൊഴിക്ക് പുറമെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് വാദിച്ചിരുന്നു. നയതന്ത്ര ബാഗിൽ സ്വർണമുണ്ടെന്നുറപ്പുള്ളത് കൊണ്ടാണ് തിരിച്ചയക്കാൻ സ്വപ്‌ന ശ്രമിച്ചത്. ജാമ്യത്തിൽ വിട്ടാൽ കോൺസുലേറ്റിലടക്കം സ്വാധീനമുള്ള ഇവർ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതി ശ്രമിക്കുമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു
അതേസമയം സ്വപ്‌ന ബെംളൂരുവിലേക്ക് പോകുമ്പോള്‍ കേരളത്തിൽ നിന്ന് കർണടകത്തിലേക്ക് പോകുന്നതിന് യാത്രാ വിലക്കുണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് സ്വപ്‌നക്ക് സർക്കാറിൽ സ്വാധീനമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അവർ ഇപ്പോൾ ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നില്ല. കേന്ദ്ര ഏജൻസിയായ കസ്റ്റംസ് അന്വേഷിക്കുന്ന കേസ് എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. കസ്റ്റംസിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാംകുമാറും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ജിയോ പോളുമാണ് കോടതിയിൽ ഹാജരായത്. വിശദമായ വാദം കേട്ടശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.