എറണാകുളം : തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ നടപടി ശക്തമാക്കി പൊലീസ്. കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്‌തു. പാലക്കാട് സ്വദേശികളായ ശിവദാസ്, ഷുക്കൂർ എന്നിവരാണ് പിടിയിലായത്.
കേസില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും കൂടുതൽ പേർ പ്രതികളാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു അറിയിച്ചു. അറസ്റ്റുചെയ്‌ത പ്രതികളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ 123 വകുപ്പ് പ്രകാരവും, ഐ.ടി. ആക്‌ടിലെ 65 (എ) പ്രകാരവുമാണ് കേസെടുത്തത്.
പ്രതികൾ സംസ്ഥാനത്തിന്‍റെ പല ഭാഗത്തുള്ളവരാണ്. കൊച്ചിയിലുള്ളവരും ഉണ്ടെന്ന് കമ്മിഷണർ അറിയിച്ചു. ജോ ജോസഫിന്‍റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു.