എറണാകുളം : എറണാകുളം ഇടയാർ റോയൽ ഗ്ലാസ് ഫാക്‌ടറിയിൽ സ്റ്റിക്കർ പതിക്കുന്നതിനിടെ വലിയ ഗ്ലാസ് പാളികൾ ശരീരത്തിലേക്ക് മറിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി ധൻ കുമാറാണ് (20) മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ 2.40 ഓടെയാണ് അപകടം സംഭവിച്ചത്.
വലിയ ഗ്ലാസ് പാളികൾ ഇറക്കി വച്ച ട്രോളി സ്റ്റാന്‍റ് തകർന്നതാണ് അപകടത്തിന് കാരണം. സ്റ്റാൻഡ് തകർന്നതോടെ ഗ്ലാസ് പാളികൾ തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഭാരമേറിയ ഗ്ലാസിനും യന്ത്രത്തിനുമിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇവിടെ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. ഏലൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഗ്ലാസ് എടുത്ത് മാറ്റിയാണ് തൊഴിലാളിയെ സംഭവ സ്ഥലത്ത് നിന്നും മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ധൻ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് ബിനാനിപുരം പൊലീസ് കേസെടുത്തു. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണോ ഗ്ലാസ് ഫാക്‌ടറി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കും. സുരക്ഷ വീഴ്‌ചയുണ്ടങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം.
കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി മരണം : ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റോഡ് നിര്‍മ്മാണത്തിനായെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് മരിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ വര്‍മ്മാനന്ദ് കുമാറാണ് (19) മരിച്ചത്. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്‍റിലാണ് ദാരുണമായ സംഭവമുണ്ടായത്.
കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകടത്തിന് കാരണമായത്. സാധാരണ യന്ത്രം ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുള്ളതാണ്. എന്നാൽ ഇത്തവണ സൈറണ്‍ മുഴക്കാതെ യാന്ത്രം മറ്റൊരാൾ ഓണ്‍ ആക്കുകയായിരുന്നു. ഇതോടെ ഇയാൾ യന്ത്രിത്തിനുള്ളിൽ പെട്ട് ചതഞ്ഞരയുകയായിരുന്നു.
അപകടം നടന്നയുടനെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം ഓണാക്കിയ യുപി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്‍റില്‍ നിന്ന് മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ ഇവര്‍ പ്ലാന്‍റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്.
തീക്കുനയിൽ വീണ് കൊൽക്കത്ത സ്വദേശിക്ക് ദാരുണാന്ത്യം : ഏപ്രിലിൽ പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്‌ടറിയിലെ മാലിന്യ തീക്കൂനയിൽ വീണ് കൊൽക്കത്ത സ്വദേശി നസീർ ശൈഖ് മരിച്ചിരുന്നു. പെരുമ്പാവൂർ ഓടയ്‌ക്കാലിയിലുള്ള യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിലെ തീപ്പടിച്ച മാലിന്യ കൂനയിലേക്ക് ആയിരുന്നു തൊഴിലാളി വീണത്. കൂട്ടിയിട്ട പ്ലൈവുഡ് മാലിന്യത്തിൽ തീപടരുന്നത് തടയാൻ താൽകാലിക സെക്യൂരിറ്റി ജീവനക്കാരനായ നസീർ പൈപ്പ് ഉപയോഗിച്ച് വെള്ളം തളിക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ നിന്നതിന്‍റെ അടിഭാഗത്തെ പ്ലൈവുഡ് കത്തിയതിനെ തുടർന്ന് താഴ്‌ന്ന് പോവുകയും നസീർ മാലിന്യ കുഴിയിൽ അകപ്പെടുകയുമായിരുന്നു. തൊഴിലാളിയുടെ മുകളിലേക്ക് മാലിന്യം വീണതോടെ രക്ഷപ്പെടാനായില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്താനായത്.