എറണാകുളം: അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വൈദികർ. സിനഡ് തീരുമാനം നടപ്പാക്കാനുള്ള പുതുതായി നിയമിതനായ അപ്പസ്തോലിക്ക് അഡ്‌മിനിസ്‌ട്രേറ്റര്‍ മാർ ആൻഡ്രൂസ് താഴത്തിന്‍റെ നിർദേശങ്ങള്‍ അതിരൂപത വൈദികർ തള്ളിയിരുന്നു. ജനാഭിമുഖ കുർബാന മാത്രമേ ചൊല്ലുകയുള്ളു എന്നതാണ് വൈദികരുടെ നിലപാട്.
കർദിനാൾ ജോർജ് ആലഞ്ചേരി ആരോപണ വിധേയനായ അതിരൂപത ഭൂമിയിടപാടിൽ വത്തിക്കാൻ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷൻ എത്രയും വേഗം നടപ്പിലാക്കണമെന്നും വൈദികർ ആവശ്യപ്പെടുന്നു. മെട്രോപ്പോലിത്തൻ വികാരി സ്ഥാനം ഒഴിഞ്ഞ ആർച്ച് ബിഷപ്പ് ആന്‍റണി കരിയിലിനോട് അതിരൂപത പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശം നൽകിയതിൽ വൈദികർക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. ഊരുവിലക്ക് കല്‍പ്പിച്ചതിന്‍റെ കാരണം അറിയണമന്നാണ് വൈദികർ ആവശ്യപ്പെടുന്നത്.
കാനോനിക നടപടിയനുസരിച്ച് കാരണം കാണിക്കൽ നോട്ടീസ് പോലും നല്‍കാതെ രാജിവെപ്പിച്ചത് ക്രൈസ്‌തവികത പോലുമല്ലെന്നും ഈ തിരുമാനം ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിച്ഛായയെ പോലും ഇകഴ്ത്തിയെന്നും വൈദികർ പറഞ്ഞു. ഒരു സഹായ മെത്രാനു വേണ്ടി വൈദികർ പേര് എഴുതിക്കൊടുക്കണമെന്ന അൻഡ്രൂസ് താഴത്ത് പിതാവിന്‍റെ നിർദേശം വൈദികർ തള്ളിയിരുന്നു. ർ
അതിരൂപതയിലെ വൈദികർ നിലവിലെ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാൻ കൊച്ചിയിൽ യോഗം ചേർന്നു. തുടർ നടപടികൾ വൈദികർ പ്രഖ്യാപിക്കും. നേരത്തെ വിശ്വാസികളും കുർബാന ഏകീകരണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.