എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. വ്യാഴാഴ്‌ചയാണ് ശിവശങ്കറിനെ എഴ് ദിവസത്തെ എൻഫോഴ്‌സ്മെന്‍റ് കസ്റ്റഡിയിൽ വിടാൻ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്. രണ്ടാഴ്‌ച കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഒരാഴ്‌ചത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തുടർച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചുവെന്നും ചോദ്യചെയ്യലിലെ ഇടവേളകളിൽ വിശ്രമം ആവശ്യമാണെന്നും ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. തനിക്ക് ആയുർവേദ ചികിത്സ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി അന്വേഷണ സംഘത്തിന് പ്രത്യേകം നിർദേശങ്ങൾ നൽകിയത്. രാവിലെ ഒൻപതിനും വൈകീട്ട് ആറിനും ഇടയില്‍ മാത്രമെ ചോദ്യം ചെയ്യാവൂയെന്നും ആവശ്യമായ ചികിത്സക്ക് സൗകര്യം നല്‍കണമെന്നും കോടതി നിർദേശിച്ചു.
സ്വപ്‌ന സുരേഷിന്‍റെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന നിഗമനത്തിലെത്തിയ ഇ.ഡി ഇതു സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചതിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിൽ പ്രധാന തെളിവായി ഇ.ഡി ചൂണ്ടികാണിച്ച വാട്ട്സാപ്പ് ചാറ്റുകളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുക. കൂടാതെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശിവശങ്കറിനെ കള്ളപ്പണ ഇടപാടുകള്‍ നടന്ന തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. നവംബർ നാലിന് രാവിലെ 11 മണിക്കാണ് ശിവശങ്കറിന്‍റെ ഇ.ഡി കസ്റ്റഡി കാലാവധി അവസാനിക്കുക. നവംബർ അഞ്ചിന് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.