എറണാകുളം : മണ്ണിലും വിണ്ണിലും ഉയരുന്ന തക്‌ബീറിന്‍റെ മന്ത്ര ധ്വനികൾ. വിശുദ്ധ റമദാൻ വിട പറഞ്ഞതിന്‍റെ സന്താപത്തിലും പ്രതീക്ഷയുടെ കിരണവുമായി ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായിരിക്കുകയാണ്. മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വറിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നു. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് ഈ പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും. കൊവിഡ് വ്യാപനത്തിന്‍റെയും തുടർന്നുവന്ന ലോക്ക്‌ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ കൂടിച്ചേരലുകളൊന്നുമില്ലാതെ പെരുന്നാൾ ആഘോഷം വീട്ടകങ്ങളിൽ മാത്രമാക്കിയിരിക്കുകയാണ് വിശ്വാസികൾ.
പതിവുപോലെ ആഹ്ളാദപൂർവം പള്ളികളിൽ നടന്നിരുന്ന സമൂഹ പെരുന്നാൾ നിസ്‌കാരം ഇത്തവണ ഉണ്ടായില്ല. പകരം വീടുകളിൽ വച്ചാണ് വിശ്വാസികൾ പെരുന്നാൾ നിസ്‌കാരം നിർവഹിച്ചത്. ഈദ് ആഘോഷത്തിലൂടെ അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കി ചേർക്കുകയും ഉള്ളവ ഊട്ടിയുറപ്പിക്കുകയും കൂടിയാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ ഉൾപ്പടെ വിശ്വാസികൾ ഇതിനായി ഉപയോഗിക്കുന്നു. അകലങ്ങളിലിരുന്നും സ്‌നേഹവും സൗഹൃദവും പങ്കുവയ്‌ക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ. ഈദിന്‍റെ ഭാഗമായുള്ള നിർബന്ധദാനമായ ഫിത്തർ സക്കാത്ത് വിതരണത്തിലൂടെ ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശവും ചെറിയ പെരുന്നാളിനുണ്ട്.
ആവർത്തിക്കപ്പെടുന്നത് എന്നർത്ഥം വരുന്ന ഈദ് ആഘോഷം പകർന്നുനൽകുന്നത് സ്നേഹവും സഹിഷ്‌ണുതയും ആണ്. വിശ്വാസിയുടെ ആഘോഷങ്ങളിലൂടെ മഹത്തായൊരു സംസ്‌കാരം കൂടിയാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. അനുഷ്‌ഠാനങ്ങളുടെ ഭാഗമായാണ് ഓരോ ആഘോഷങ്ങളും ക്രമീകരിക്കുന്നത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായി പെരുന്നാൾ നമസ്‌കാരത്തിനായി പള്ളികളിൽ ഒത്തുകൂടിയിരുന്ന ആഘോഷത്തിന്‍റെ ഓർമകളിലൂടെയാണ് ഈ ദിനത്തിൽ വിശ്വാസികൾ കടന്നുപോകുന്നത്.വിശുദ്ധ റമദാനിൽ നേടിയെടുത്ത നന്മകൾ കാത്ത് സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഒരോ വിശ്വാസിയും ഈദ് ആഘോഷം പൂർത്തിയാക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഈദ് ആഘോഷം വീടുകളിലൊതുക്കിയും സഹജീവികളെ സഹായിച്ചും പുതിയൊരു ആഘോഷ സംസ്‌കാരത്തെ ഇതിനകം തന്നെ വിശ്വാസികൾ ശീലിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികള്‍ വീട്ടകങ്ങളിൽ കുടുംബസമേതം ഒന്നിച്ചിരുന്നാണ് നമസ്‌കരിക്കുകയും ആഘോഷിക്കുകയും ചെയ്‌തത്. വലിയവർ കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകിയും കുട്ടികൾ മധുരവിതരണവും നടത്തിയും ആഘോഷത്തിന്‍റെ മാറ്റുകൂട്ടി. സ്വന്തം ആരോഗ്യത്തേക്കാള്‍ ഉപരി സമൂഹത്തിന് വേണ്ടിയായിരുന്നു മനസുകൊണ്ട് അടുത്ത് ശരീരം കൊണ്ടകന്നുള്ള ഈ പെരുന്നാളിലെ പ്രാര്‍ഥന.
വിശുദ്ധ റംസാനിൽ നേടിയെടുത്ത ആത്മീയത വരും നാളുകളിൽ കാത്തുസൂക്ഷിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഓരോ വിശ്വാസിയും ഇദുൽ ഫിത്വറിൽ പങ്കാളിയാകുന്നത്. ആഘോഷത്തോടൊപ്പം കൊവിഡിൽ നിന്ന് മോചനം നേടുന്ന നല്ല നാളേയ്‌ക്കായുള്ള പ്രാർഥനയിലുമാണ് വിശ്വാസികൾ.