കോഴിക്കോട് : ബിബിസി ഡോക്യുമെന്‍ററി, 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' പ്രദർശിപ്പിക്കുന്നതിനെതിരായ ഭീഷണികളെ ഭയക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനല്ല തങ്ങള്‍ പ്രദർശനം നടത്തുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെയെന്നും വി വസീഫ് പറഞ്ഞു.
ഇന്ത്യയിൽ ബീഫ് ഫെസ്റ്റ് നടത്തിയവരാണ് ഡിവൈഎഫ്‌ഐ. അന്നും ഭീഷണികൾ ഉണ്ടായിരുന്നു. അതിനെയൊക്കെ നേരിട്ടാണ് ഡിവൈഎഫ്‌ഐ ആ പരിപാടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം കോഴിക്കോട് സരോജ് ഭവനില്‍ നടന്നു.
പ്രദര്‍ശനത്തിന്‍റെ സ്വിച്ച് ഓൺ കര്‍മം വി വസീഫ് നിര്‍വഹിച്ചു. സരോജ് ഭവന് പുറത്ത് പൊലീസ് കാവലിലാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്.