എറണാകുളം: ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകക്കേസിൽ വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു (Dr vandana Das Murder Case). സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
ഡോക്‌ടർ വന്ദന കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ ചോദ്യമുന്നയിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് പോലീസ് മേധാവി കോടതിയെ അറിയിച്ചത്.
പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്‌തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്.
കേസിനാസ്‌പദമായ സംഭവം: മെയ് 10ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശിനി ഡോ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്കിടെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി സന്ദീപ് കൃത്യം നടത്തിയത്.
തുടര്‍ന്ന് വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും 20 ലധികം തവണ കുത്തേറ്റായിരുന്നു വന്ദന കൊല്ലപ്പെട്ടത്. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിച്ചിരുന്നു.
ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് ഫോറന്‍സിക് പരിശോധന ഫലം വ്യക്തമാക്കുന്നത്. സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രതി ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതി സന്ദീപിന്‍റെ രക്തം, മൂത്രം എന്നിവ പരിശോധിച്ചതില്‍ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.
സംഭവം നടക്കുന്ന ദിവസം സന്ദീപ് ലഹരിയുടെ സ്വാധീനത്തില്‍ കൊലപാതകം നടത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ തന്നെ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം സന്ദീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് പത്ത് ദിവസം സന്ദീപിനെ നിരീക്ഷിച്ച ശേഷമാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നിരീക്ഷണത്തിലാണ് സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നത്.
ALSO READ: വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, യുവതിയുടെ കഴുത്തിൽ കുത്തിയ ആൺ സുഹൃത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു