എറണാകുളം: സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സഹപ്രവർത്തകരായ ബി ഉണ്ണികൃഷ്‌ണനും, ലാലും ചേർന്നാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. കരൾ രോഗം, ന്യൂമോണിയ എന്നിവയെ തുടർന്നായിരുന്നു സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഇതോടെയാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളായത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന് ആരോഗ്യാവസ്ഥ സംബന്ധിച്ച് കുടുംബത്തെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന് നൽകിവന്ന എഗ്‌മോ സപ്പോർട്ട് പിൻവലിച്ചു.
കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം കുറഞ്ഞുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. ഇതോടെയാണ് സിദ്ദിഖിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധയോടൊപ്പം ന്യൂമോണിയ ബാധിച്ചതും ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം ഹൃദായാഘാതം സംഭവിച്ചതും ആരോഗ്യവസ്ഥയെ കൂടുതൽ സങ്കീർണമാക്കി. 24 മണിക്കൂർ എഗ്‌മോ സപ്പോർട്ട് നൽകിയെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് മലയാളികളുടെ സിനിമാനുഭവത്തെ സമ്പന്നമാക്കിയ സിദ്ദിഖ് സിനിമകളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
സംസ്‌കാരം നാളെ വൈകിട്ട് ആറിന്: നാളെ രാവിലെ ഒന്‍പത് മണി മുതൽ 12 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന്, കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനത്തിന് വയ്‌ക്കും. വൈകിട്ട്, എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ആറ് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും. കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായാണ് സിദ്ദിഖ് തന്‍റെ കലാജീവിത രംഗത്ത് സജീവമായത്. ഈ സമയത്താണ് സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നത്. സിനിമാരംഗത്തേക്കുള്ള വഴിയൊരുക്കിയത് ഈ സൗഹൃദമായിരുന്നു. ഫാസിലിന്‍റെ സഹായിയായി പ്രവർത്തിച്ച് നേടിയെടുത്ത അനുഭവസമ്പത്തുമായായി പിന്നീട് സിനിമാസംവിധാന രംഗത്ത് സജീവമായി.
ഒറ്റയ്‌ക്കായപ്പോഴും സൃഷ്‌ടിച്ചത് ഹിറ്റുകള്‍: നടനും സംവിധായകനുമായ ലാലുമായി ചേർന്ന് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്. റാംജീറാവു സീക്കിങ്, കാബൂളിവാല, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് അവയിൽ ചിലത്. സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്‌ത നിരവധി സിനിമകളും പിറന്നു. ഹിറ്റ്ലർ, ക്രോണിക്ക് ബാച്ചിലർ, ഫ്രണ്ട്സ്, ബോഡി ഗാർഡ്, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് ചിലത്. സിദ്ദിഖ് സംവിധാനം ചെയ്‌ത തമിഴ് ചിത്രങ്ങളായ കാവലൻ, എങ്കിൾ അണ്ണ, സാധു മിറാൻഡ, ഫ്രണ്ട്സ്, ബോഡി ഗാർഡ് എന്നീ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ബോഡിഗാഡ് എന്ന സിനിമ തമിഴ്, മലയാളം എന്നിവയ്ക്ക് പുറമെ ഹിന്ദിയിലും സിദ്ദിഖ് സംവിധാനം ചെയ്‌തിരുന്നു. ഭാര്യ ഷാജിദയാണ്. മക്കൾ സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ നബീൽ, ഷെഫ്‌സിന്‍.