എറണാകുളം : വര്‍ഗീയ രാഷ്ട്രീയ ധ്രുവീകരണമാണ് ഏക സിവിൽ കോഡിലൂടെ (UCC) ബിജെപി (BJP) ലക്ഷ്യമിടുന്നതെന്ന് സിപിഎം (CPM) പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് (Prakash Karat). ഏകീകൃത സിവിൽ കോഡിനെതിരെ എൽഡിഎഫ് (LDF) കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കാരാട്ട്. ഹിന്ദു - മുസ്ലിം വിഭാഗങ്ങളെ തമ്മിൽ ചേരി തിരിച്ച് ഏറ്റുമുട്ടിക്കുന്നതിനായുള്ള ആര്‍എസ്എസിന്‍റെ (RSS) രഹസ്യ അജണ്ടയുടെ ഭാഗമാണ് ഏകീകൃത സിവില്‍കോഡ് (Uniform Cilvil Code).
ഏത് മതമായാലും ലിംഗ വിവേചനം ഒഴിവാക്കലാണ് പ്രധാനം. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിലൂടെ തുല്യത ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് വരെ ഇത് തിളയ്ക്കുന്ന വിഷയമാക്കി നിർത്തണം എന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നത്. മുസ്ലിം പെൺകുട്ടികളെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രിയുടെ ചിന്തയെങ്കിൽ രാഷ്ട്രീയ ധ്രുവീകരണമാണ് ഇതിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. നാഗാലാന്‍ഡില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
ഇതിൻ്റെ കാരണം സ്ത്രീ സംവരണമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീ സംവരണം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് നാഗാലാന്‍ഡിലെ ഗോത്രവർഗ നേതാവ് പ്രഖ്യാപിച്ചത്. ഇതിനെതിരായ കേസിൽ സുപ്രീം കോടതി ചോദിച്ചിട്ടും ഒരഭിപ്രായവും കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല.
പ്രധാനമന്ത്രിക്ക് മുസ്ലിം പെൺകുട്ടികളോട് തോന്നുന്ന സ്നേഹം എന്തുകൊണ്ടാണ് നാഗ പെൺകുട്ടികളോട് തോന്നാത്തതെന്നാണ് സിപിഎം ചോദിക്കുന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്. 301-ാം അനുഛേദം നാഗാലാൻഡിനും മേഘാലയയ്ക്കും പ്രത്യേക അവകാശങ്ങൾ നൽകുന്നുണ്ട്.
നമ്മുടെ രാജ്യത്തിൻ്റെ സാംസ്‌കാരികവും, സാമൂഹ്യവുമായ വൈവിധ്യങ്ങളെ അംഗീകരിച്ചതുകൊണ്ടാണ് ഇത്തരം അവകാശങ്ങൾ ഭരണഘടന അനുവദിക്കുന്നത്. ഒരു രാജ്യത്തിന് ഒരു നിയമമെന്നാൽ സംഘപരിവാർ ലക്ഷ്യമിടുന്നത് മനുസ്‌മൃതിയാണെന്നും കാരാട്ട് പറഞ്ഞു. 1951-ൽ നെഹ്റു മന്ത്രിസഭ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്ന് ഹിന്ദു കോഡ് കൊണ്ടുവന്നപ്പോൾ ശക്തമായി എതിർത്തവരായിരുന്നു സംഘപരിവാർ നേതാക്കൾ.
2024-ലെ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കിയത്. മണിപ്പൂരിൽ അഞ്ച് വർഷം ഭരിച്ച ബിജെപി സർക്കാർ വർഗീയ വിഷം പ്രചരിപ്പിക്കാനുള്ള എല്ലാ സഹായവും ചെയ്‌ത് കൊടുക്കുകയായിരുന്നു. മെയ്‌തികളും കുക്കികളും തമ്മിലുള വിഭജനം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്.
ഭൂരിപക്ഷമായ മെയ്‌തികൾ വൈഷ്‌ണവരായ ഹിന്ദുക്കളും, ന്യൂനപക്ഷമായ കുക്കികൾ ക്രിസ്ത്യാനികളുമാണ്. ഹിന്ദു - ക്രിസ്ത്യൻ വിഭജനത്തിലൂടെയാണ് ഇത്തരമൊരു ദുരന്തം മണിപ്പൂരിലുണ്ടായത്. ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആർ എസ് എസ് ശ്രമം നടക്കില്ലെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നമ്മൾ ഉയർത്തി കൊണ്ടുവന്നു. ബില്‍ അവതരിപ്പിച്ചെങ്കിലും നിയമം ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ല. നിയമത്തിൻ്റെ അനന്തരഫലം വലിയ പ്രശ്‌നം സൃഷ്‌ടിക്കുമെന്ന് ആർഎസ്എസ് തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങൾ പ്രധാനമാണ്. സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കേണ്ടത് ഏക സിവിൽ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കിയല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എൽഡിഎഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സിപിഐ എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷനായിരുന്നു. സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു, സി എൻ മോഹനൻ തുടങ്ങിയവരും വിവിധ രാഷ്‌ട്രീയ മത-സാംസ്കാരിക നേതാക്കളും സംബന്ധിച്ചു.