എറണാകുളം: ജില്ലയിൽ ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 190 ആയി ഉയർന്നു. ജൂൺ13 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് - കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യയും മൂന്ന് വയസുള്ള മകനും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
ജൂൺ 27ന് രോഗം സ്ഥിരീകരിച്ച എറണാകുളം മാർക്കറ്റിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി, ഇതേ സ്ഥാപനത്തിനടുത്തുള്ള ടി ഡി റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്‍റെ ഭാര്യ, മകൻ, മരുമകൾ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതേ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരിക്കുന്നത് നാളെയും തുടരും.ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു.