കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം നടത്തിയ വൈദികരെയും വിശ്വാസികളെയും വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. അവർ അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. സഭയെ ഓര്‍ത്താണ് സമരം ചെയ്‌തവര്‍ക്ക് മറുപടി പറയാത്തത്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
സമരം ചെയ്‌ത വൈദികർക്ക് മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണ്. താൻ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും മറുപടി പറയാൻ തുടങ്ങിയാൽ സഭ തന്നെ വീണുപോകുമെന്നും കർദ്ദിനാൾ പറഞ്ഞു. അതേസമയം സമരം ചെയ്‌ത വൈദികരെ തള്ളിക്കളയരുതെന്നും വൈദികരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് വൈദികര്‍ സമരം നടത്തിയത്. ബിഷപ്പ് ഹൗസിലായിരുന്നു വൈദികരുടെ ഉപവാസം. 14 കേസുകളിൽ പ്രതിയായ കര്‍ദിനാള്‍ തൽസ്ഥാനത്ത് തുടരാന്‍ പാടില്ല. സഹായമെത്രാന്മാരെ ചുമതലകളിൽ നിന്നും മാറ്റിയ നടപടി പുനഃപരിശോധിക്കുക, വ്യാജരേഖ കേസിൽ വൈദികരെ കുടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും വൈദികർ ഉന്നയിച്ചിരുന്നു. സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.