എറണാകുളം: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ പാലത്തിലെ കൈവരിയിലേക്ക് ഇടിച്ചുകയറി കത്തി നശിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൊടുപുഴ സ്വദേശി അബ്‌ദുല്ല, ആലുവ സ്വദേശി സഹീർ എന്നിവർക്കെതിരെയാണ് തേവര പൊലീസ് കേസെടുത്തത്. അപകടകരമായി വാഹനമോടിച്ചതിനെതിരെയാണ് ഇരുവർക്കുമെതിരെ കേസ്.
കാർ സൈഡ് നൽകുന്നതുമായി ബന്ധപ്പട്ട തർക്കത്തെ തുടർന്നാണ് അപരിചിതരായ ഇരുവരും കാറുകൾ ഉപയോഗിച്ച് പനമ്പിള്ളി നഗറിൽ മത്സരയോട്ടം നടത്തിയത്. കാറുകളുടെ മത്സരയോട്ടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.
മിനി കൂപ്പർ, വോക്‌സ് വാഗണ്‍ പോളോ കാറുകൾ തമ്മിൽ നടത്തിയ മത്സരയോട്ടത്തിൽ തൊടുപുഴ സ്വദേശി അബ്‌ദുല്ലയുടെ പോളോ കാറാണ് കത്തി നശിച്ചത്. പനമ്പിള്ളിനഗറിൽ നിന്നും കടവന്ത്ര ശാസ്ത്രി നഗറിലേക്ക് പ്രവേശിക്കുന്ന ജസ്റ്റിസ് കൃഷ്‌ണയ്യർ റോഡിലെ പാലത്തിന് മുകളിൽ വച്ചായിരുന്നു മത്സരയോട്ടത്തിനിടെ കാർ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചുകയറിയത്. വാഹനം ഓടിച്ച യുവാവിനെ കൂടാതെ മറ്റൊരാളും കാറിൽ ഉണ്ടായിരുന്നു.
ഇടിയെ തുടർന്നുണ്ടായ ബാറ്ററി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കാറിന്‍റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
അപകടത്തിൽപ്പെട്ട കാറിന് തീപടർന്നു: തീ ആളിപ്പടർന്നതോടെ ഫയർ ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്‌ത് തീയണച്ചു. ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ എസ് ജയന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാങ്കേതിക തകരാറുകൾ കൊണ്ട് കാറുകൾ കത്തി നശിച്ച നിരവധി സംഭവങ്ങൾ കൊച്ചിയിലുണ്ടായിട്ടുണ്ട്. എന്നാൽ, മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് കാർ കത്തിനശിച്ച സംഭവം ആദ്യമായാണ് ഉണ്ടായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് ബിഹാര്‍ സ്വദേശിയായ സംഗീത ദേവി എന്ന യുവതി മരണപ്പെട്ടിരുന്നു. ബിഹാറിലെ ഗയ ജില്ലയിലെ തികാരി കുര്‍ത്ത റോഡിൽ ഫെബ്രുവരി ഒന്‍പതിനായിരുന്നു സംഭവം. കാറിന് തീപിടിക്കുന്ന സമയം വാഹനത്തിന്‍റെ ഡോര്‍ ലോക്ക് ആയതിനാലാണ് യുവതിക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
കാര്‍ ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് രാം കുമാര്‍ രക്ഷപ്പെട്ടു. ഇയാൾ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കാറിൽ തീപടരുകയായിരുന്നു.
More read : അപകടത്തില്‍പെട്ട കാറിന് തീപിടിച്ചു; വാഹനത്തില്‍ കുടുങ്ങി പോയ യുവതി വെന്തുമരിച്ചു
വെഞ്ഞാറമൂട് മൈലക്കുഴിയിൽ സമാന സംഭവമുണ്ടായിരുന്നു. ഫെബ്രുവരി മൂന്നിന് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചാണ് അപകടം. രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപടർന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. വെഞ്ഞാറമൂട് സ്വദേശിയുടെ വാഹനമാണ് പൂർണമായും കത്തി നശിച്ചത്. ആറ്റിങ്ങലിലുള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്‌സ് എത്തി തീ അണച്ചു.
More read : വെഞ്ഞാറമൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി