എറണാകുളം: സിഎജി റിപ്പോർട്ടിലെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ എം.പി. കേരള പൊലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് പുറത്ത് വന്ന വിഷയം നിസാരവത്കരിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് തുടരുന്നത്. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്‌ച ന്യായീകരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാണ്. റിപ്പോർട്ട് ചോർന്നതല്ല മറിച്ച് സിഎജിയിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞും ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ മാറ്റി നിർത്തിയുമുള്ള അന്വേഷണമാണ് നടത്തേണ്ടത്. സിഎജി റിപ്പോർട്ടിനെ തള്ളിക്കളയാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് ബെഹ്റ അദ്ദേഹത്തെ രക്ഷിക്കാൻ വേണ്ടിയാണിത്. ഒമ്പത് മാസം മാത്രമുള്ള ഒരു കമ്പനിക്ക് കരാർ നൽകിയതിനുപിന്നിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. തണ്ടർ ബോൾട്ടിന് സി.സി.ടി.വി ക്യാമറകൾ വാങ്ങിയതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ബെഹ്‌റയെ സംരക്ഷിക്കാനുള്ള നടപടി മാത്രമാണ്. ഈ വിഷയത്തിൽ സർക്കാരിനെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.