കൊച്ചി: മേശപ്പുറത്ത് നിന്നും വീണു എന്ന് പറഞ്ഞാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരനെ ഉത്തരേന്ത്യന്‍ സ്വദേശികളായ ദമ്പതിമാര്‍ ആശുപത്രിയിലെത്തിക്കുന്നത്. പരിക്കിന്‍റെ സ്വഭാവം കണ്ട ആശുപത്രി അധികൃതര്‍ കുട്ടിയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഇതോടെ സംഭവം പുറംലോകം അറിഞ്ഞത്.
ഡോക്ടറുടെ മൊഴിയാണ് നിര്‍ണായകമായത്. സംശയം തോന്നിയ ഉടനെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ച്ചയായി അമ്മ കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അനുസരണക്കേട് കാണിക്കുന്നതിനാണ് അടിക്കുന്നതെന്നാണ് പറയുന്നത്. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കും. തടി കൊണ്ട് അടിക്കും. നില വിളിച്ചാലും നിര്‍ത്തില്ല. അടി കൊടുത്ത് പാഠം പഠിപ്പിക്കാനാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. കുട്ടിയുടെ അച്ഛന്‍ ഇത് തടയാറില്ല. കുട്ടിയുടെ അമ്മയും അച്ഛനും മദ്യപിക്കാറുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ജാര്‍ഖണ്ഡ്, ബീഹാര്‍ പൊലീസിനോട് വിവരം തിരക്കിയിട്ടുണ്ട്.
കുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരിക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുമുണ്ട്. കുട്ടിയുടെ മസ്തിഷ്കത്തില്‍ കെട്ടികിടക്കുന്ന രക്തം പുറത്തു കളഞ്ഞ ശേഷമേ തുടര്‍ ചികിത്സയിലേക്ക് കടക്കാന്‍ കഴിയുമായിരുന്നുള്ളു. ഇതിനായി ഒരു രാത്രി മുഴുവന്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു.