എറണാകുളം : എഐ ക്യാമറ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നെന്നും കോടതി മേൽനോട്ടപ്രകാരം അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഡി സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു. ടെൻഡർ യോഗ്യതകളില്ലാത്ത എസ്‌ആര്‍ഐടിക്ക് നിയമം ലംഘിച്ച് കരാർ നൽകി. ചട്ടങ്ങൾക്ക് വിരുദ്ധമായി എസ്‌ആര്‍ഐടി, പ്രസാഡിയോ, അശോക ഉൾപ്പടെയുള്ള കമ്പനികൾക്ക് ഉപകരാർ നൽകിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഉപകരാറിലൂടെ സർവീസ് ചാർജ് ഇനത്തിൽ കോടികൾ തട്ടിയെടുത്തു. 236 കോടി രൂപയുടെ പദ്ധതിയിൽ അഴിമതി നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു കെൽട്രോണും എസ്‌ആര്‍ഐടിയുമടക്കം കരാറിലേർപ്പെട്ടത്. സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന നൽകിയ ഹർജിയിൽ വി.ഡി സതീശനും ചെന്നിത്തലയും ഈ വാദം ഉന്നയിച്ചു. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാർ എസ്‌ആര്‍ഐടിയും കെൽട്രോണും ഒപ്പിട്ട കരാർ, എസ്‌ആര്‍ഐടി നടത്തിയ മറ്റ് ഉപകരാറുകൾ ഇവയെല്ലാം റദ്ദാക്കണം.
സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്‌ആര്‍ഐടിക്ക് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, അഴിമതി സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തിയാൽ കാര്യക്ഷമമാകില്ല. അതിനാലാണ് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ എഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് അടുത്ത ദിവസം പരിഗണിച്ചേക്കും.
സംസ്ഥാന സര്‍ക്കാര്‍ മുങ്ങുന്ന കപ്പലെന്ന് ചെന്നിത്തല : സംസ്ഥാന സര്‍ക്കാറിന്‍റെ അഴിമതികൾ പുറത്തുകൊണ്ടുവന്നതിനുള്ള പ്രയാസമാണ് പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള കേസുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എഐ ക്യാമറ അഴിമതിക്കെതിരെ താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും കേസെടുത്ത നടപടിയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേസുകൊണ്ട് രക്ഷപ്പെടാമെന്നത് സര്‍ക്കാറിന്‍റെ വ്യാമോഹം മാത്രം: പ്രതിപക്ഷ നേതാക്കളുടെ വായ അടപ്പിക്കാനുള്ള വിഫലമായ ശ്രമം മാത്രമാണ് കേസുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടൈംസ് സ്‌ക്വയറിൽ പ്രസംഗിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ശ്രദ്ധ കേസ് എടുക്കുന്നതിലാണ്. കെപിസിസി പ്രസിഡൻ്റിനേയും പ്രതിപക്ഷ നേതാവിനേയും കള്ളക്കേസിൽ കുടുക്കിയാൽ ഗവൺമെന്‍റ് രക്ഷപ്പെടുമെന്നത് തെറ്റിദ്ധാരണ മാത്രമാണ്.
ALSO READ | നിയമം ലംഘിക്കരുത്, എഐ കാമറ വർക്ക് തുടങ്ങി; കുട്ടികള്‍ക്ക് തത്‌കാലം പിഴയില്ല, വിശദമായി അറിയാം...
സംസ്ഥാന സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും തുടര്‍ഭരണത്തില്‍ ആരുടെ മേലും കുതിര കയറാമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓരോ അഴിമതിയും പുറത്തുകൊണ്ടുവരുമ്പോള്‍ ഓരോ പുതിയ കേസുകള്‍ എടുക്കുകയാണെന്നും തനിക്കെതിരെയും കേസുകള്‍ എടുത്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.