എറണാകുളം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന വാദവുമായി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എംആർ അജിത് കുമാർ. ഡോ വന്ദനയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണ്. ആക്രമണം നടത്തിയയാളെ ആദ്യം പ്രതിയായിട്ട് അല്ല ആശുപത്രിയിൽ എത്തിച്ചത്. പരാതിക്കാരനായാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും എഡിജിപി വിശദീകരിച്ചു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒരു മണിയോടെ പൊലീസ് കൺട്രോൾറൂമിൽ ആദ്യം പരാതി അറിയിച്ചത് പ്രതിയാണ്. നാട്ടുകാർ മർദിച്ചു എന്ന പ്രതിയുടെ പരാതി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം ഇയാൾ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.
പിന്നീട് പുലർച്ചെ മൂന്നരമണിയോടെ മറ്റൊരു നമ്പറിൽ നിന്നും ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഇതേ തുടർന്നാണ് പൊലീസ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയത്. ഇയാളെ ആക്രമിക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് പോയത്.
വീടിന്‍റെ അര കിലോ മീറ്റർ മാറിയാണ് ഇയാളെ കണ്ടെത്തിയത്. അതിനടുത്തായി നാട്ടുകാരുമുണ്ടായിരുന്നു. പരിക്കുപറ്റിയ ഇയാൾ ഇവരെല്ലാം തന്നെ കൊല്ലാൻ വരുന്നുവെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ഒരു ബന്ധുവും നാട്ടുകാരനായ മറ്റൊരാളും കൂടെയുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ പരിശോധിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ഡ്രസിംഗ് റൂമിലേക്ക് മാറ്റിയത്. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായതെന്നും എഡിജിപി വ്യക്തമാക്കി.
കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് ആദ്യം ചവിട്ടിയത്. തുടർന്നാണ് ചാടിയെഴുന്നേറ്റ് കത്രിക ഉപയോഗിച്ച് ആദ്യം അവിടെയുണ്ടായിരുന്ന ഹോം ഗാർഡിനെ കുത്തിയത്. ഇത് അറിഞ്ഞ് ഓടിയെത്തിയ പൊലീസ് എയ്‌ഡ് പോസ്റ്റിലുണ്ടായിരുന്ന എ എസ് ഐ യേയും നാട്ടുകാരനായ മറ്റൊരാളെയും പ്രതി കുത്തുകയായിരുന്നു.
ഈ സമയത്ത് വന്ദന ഒഴികെ മറ്റ് ഡോക്‌ടർമാരും ജീവനക്കാരും മറ്റൊരു മുറിയിലേക്ക് മാറി. എന്നാല്‍ അവിടെ നിന്ന് ഡോ വന്ദനയ്‌ക്ക് പെട്ടെന്ന് മാറാൻ കഴിയാതെ ഒറ്റപ്പെട്ടുപോയി. ഈ സമയത്ത് പ്രതി ഡോക്‌ടറെ ആക്രമിക്കുകയായിരുന്നു. നിലവിൽ പരിക്കുള്ള പ്രതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
also read : ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം: പ്രതിഷേധവുമായി ഐഎംഎ; നാളെ രാവിലെ 8 മണി വരെ ഡോക്‌ടർമാരുടെ പണിമുടക്ക്
പരാതിക്കാരനായി വിളിക്കുന്ന സമയത്ത് പ്രതിയ്‌ക്ക് പരിക്കേറ്റിരുന്നു. എന്നാൽ നാട്ടുകാർ പറയുന്നത് ഇയാളെ ആരും ആക്രമിച്ചിട്ടില്ലെന്നാണ്. അധ്യാപകനായ പ്രതി മദ്യത്തിന് അടിമയാണെന്നാണ് മനസിലാക്കുന്നത്. പ്രധാന ആശുപത്രിയിലൊക്കെ പൊലീസ് എയ്‌ഡ് പോസ്റ്റ് നിലവിലുണ്ട്.
ഈ ആശുപത്രിയിലും പൊലീസ് എയ്‌ഡ് പോസ്റ്റ് ഉണ്ടായിരുന്നു. സംഭവ സമയത്ത് പൊലീസ് ഇടപെടുകയും ചെയ്‌തിട്ടുണ്ട്. ഏതൊക്കെ പ്രതികളെ വിലങ്ങുവച്ച് കൊണ്ടുപോകണമെന്ന് സുപ്രീം കോടതിയുടെ മാർഗ നിർദേശമുണ്ടന്നും എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു.
അതേസമയം ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.