എറണാകുളം: കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് മിണ്ടാപ്രാണികൾക്ക് നേരെ നടന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശവാസികളായ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് നേരെ ഒരു വർഷത്തോളമായി നിരന്തരമായി ആക്രമണം നടത്തുകയാണ്. സമീപത്തെ പ്ലാൻ്റേഷനിൽ മേയാൻ വിടുന്ന കന്നുകാലികളാണ് കൂടുതതലായി ആക്രമണത്തിന് ഇരയാകുന്നത്.
നേരത്തെ ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.
READ MORE: ക്രൂരത മിണ്ടാപ്രാണികളോടും; കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായി പരാതി
ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ വെറ്റിനറി ലാബ് ഓഫീസർ ഡോ. ഐശ്വര്യരേണു, ജില്ലാ എസ്.പി.സി.എ സെക്രട്ടറി സജീവൻ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. പൊള്ളലേറ്റ കന്നുകാലികൾക്ക് അടിയന്തിര ചികിത്സയും ഒരാഴ്‌ചത്തേക്കുള്ള മരുന്നും നൽകി.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഊന്നുകൽ പൊലീസിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശം നൽകി. പ്രദേശത്ത് കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി പൊലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.