എറണാകുളം: തീരദേശ ചട്ടം ലംഘിച്ച് നിർമാണം നടത്തിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധി വന്നു. എന്നാൽ ഇതേ തീരദേശ ചട്ടം ലംഘിച്ച് നിർമിച്ച വീട് പൊളിച്ച് മാറ്റിയിട്ട് നാല് വർഷം പിന്നിടുമ്പോഴും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ ആശങ്കയിൽ കഴിയുകയാണ് മരടിലെ ഒരു കുടുംബം.
ബാങ്കിൽ നിന്നും 10 ലക്ഷം രൂപ കടമെടുത്താണ് ക്ഷീരകർഷകനായ ജോൺസനും കുടുംബവും വീടുപണി ആരംഭിക്കുന്നത്. എന്നാൽ തീരദേശ ചട്ടം ലംഘിച്ചുവെന്നും പെർമിറ്റ് എടുത്തിട്ടില്ലായെന്നും ചൂണ്ടിക്കാട്ടി നഗരസഭ അധികൃതർ 2015 ജൂൺ ആറാം തീയതി ലിന്റൽ പൊക്കം വരെ നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കുകയായിരുന്നു. ജോൺസന്‍റെ മരണത്തോടെ സുജയും മക്കളും മൂന്നുപേർക്ക് അവകാശമുള്ള കുടുംബ വീട്ടിലാണ് താമസം. പശുക്കളെ വളർത്തി കിട്ടുന്നതാണ് കുടുംബത്തിലെ പ്രധാന വരുമാനം. കൂടാതെ മകൾ സോണി കുട്ടികൾക്ക് ട്യൂഷനും എടുക്കുന്നുണ്ട്. എന്നാൽ വീടുപണിക്കായി എടുത്ത 10 ലക്ഷം രൂപ ഇന്ന് പലിശ ഉൾപ്പെടെ 18 ലക്ഷമായി.
തീരദേശ ചട്ടലംഘനം എന്ന പേരിൽ തങ്ങളുടെ മാത്രം വീട് എന്തിനു പൊളിച്ചു എന്നത് ഇപ്പോഴും ഇവര്‍ക്ക് വ്യക്തമല്ല. ഇതുസംബന്ധിച്ച് ആരും മുമ്പ് ചോദിച്ചിട്ടുമില്ല. എന്നാൽ ഇപ്പോൾ ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന സാഹചര്യത്തിൽ നഗരസഭയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു. ചട്ടംലംഘിച്ചെന്ന പേരിൽ നഷ്ടപരിഹാരത്തുക കിട്ടിയില്ലെങ്കിലും സ്ഥലത്തിന് പെർമിറ്റ് ലഭ്യമാക്കണമെന്നാണ് ഈ കുടുംബത്തിന്‍റെ ആവശ്യം. തുടർന്ന് സ്ഥലം വിറ്റിട്ടാണെങ്കിലും കുട്ടികളുടെ തുടർപഠനവും മറ്റും മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ഈ മാതാവിന്‍റെ പ്രതീക്ഷ.