ആലപ്പുഴ: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. കെ എസ് മനോജിന് സീറ്റ് നൽകിയതില്‍ പ്രതിഷേധവുമായി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതാക്കൾ. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. സരുൺറോയിയുടെ നേതൃത്വത്തിലുള്ള നൂറോളം യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരാണ് മനോജിന് സ്ഥാനാർഥിത്വം നൽകിയതിനെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജാതി - മത സംഘടനകളുടെ കൂട്ടുപിടിച്ച് മണ്ഡലത്തിലെത്തുന്നവര്‍ക്ക് സീറ്റ് നൽകിയെന്നും അത് ശരിയായ നടപടിയല്ലെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസിലൂടെയും കെഎസ്‌യുവിലൂടെയും പാര്‍ട്ടിയിലേക്കെത്തിയവര്‍ക്ക് സീറ്റ് നൽകാതെ ദേശാടന പക്ഷികളായി എത്തിയവര്‍ക്ക് സീറ്റ് നൽകിയതിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.