ആലപ്പുഴ : ശക്തമായ മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. രണ്ടാംവിള കൃഷിയിറക്കിയ പാടങ്ങളിൽ വെള്ളം കയറിയതോടെ ആശങ്കയിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. കഴിഞ്ഞതവണ മടവീഴ്ച ഉണ്ടായ വലിയകരി കനകാശ്ശേരി പാടശേഖരങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ കാവാലം രാമരാജപുരം പാടശേഖരത്തിൽ മടവീണു. മഴ ശക്തമായി തുടർന്നാൽ മറ്റു പാടങ്ങളിലും മടവീഴ്ചയ്ക്കുള്ള സാധ്യതയുണ്ട്.
അപ്പർ കുട്ടനാട് മേഖലയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വീടുകളിലുൾപ്പടെ വെള്ളം കയറുന്ന സാഹചര്യമാണുള്ളത്.
അതേസമയം ഇതുവരെ ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും തന്നെ തുറന്നിട്ടില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വിവിധയിടങ്ങളിൽ വെള്ളംകയറിയിട്ടുണ്ടെങ്കിലും ഗതാഗതത്തിന് തടസ്സമില്ല. മഴയുടെ തീവ്രത കൂടിയ സാഹചര്യത്തിൽ ജില്ലയിൽ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു.