ആലപ്പുഴ: വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ വീട് കേന്ദ്ര മന്ത്രിമാർ സന്ദർശിച്ചു. കേന്ദ്ര മന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും വി.മുരളീധരനുമാണ് നന്ദുവിന്‍റെ വീട് സന്ദർശിച്ചത്. കൊല്ലപ്പെട്ട നന്ദുവിൻ്റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും കേന്ദ്ര മന്ത്രിമാര്‍ സംസാരിച്ചു. ചികിത്സാ ചിലവ് ഉൾപ്പെടെ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് മന്ത്രിമാർ കുടുംബാംഗങ്ങളെ അറിയിച്ചു.
സംഭവത്തിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു. ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലുള്ള സ്ഥലങ്ങളിലാണ് അക്രമം നടക്കുന്നത്. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
തീവ്രവാദ സംഘടനകൾ നിരോധിക്കപ്പെടുമ്പോൾ മറ്റ് പേരുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതിന്‍റെ തെളിവാണ് വയലാറിലെ കൊലപാതകം. സംഘടനകളെ നിരോധിക്കുന്ന കാര്യം നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കും. വയലാറിലെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് വിവരങ്ങൾ അന്വേഷിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രവര്‍ത്തകന്‍ നന്ദുവിൻ്റെ വീടും കേന്ദ്ര മന്ത്രിമാർ സന്ദർശിച്ചു.