ആലപ്പുഴ: കാർഷിക സംസ്‌കൃതിക്ക് പേരുകേട്ട ഓണാട്ടുകര ഇത്തവണയും ഓണക്കാലം ആഘോഷിക്കുന്നത് തനത് കാർഷിക വിഭവങ്ങളുമായാണ്. ആ കാർഷിക പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുകയാണ് ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ. ഓണത്തിന് സദ്യ തയ്യാറാക്കാൻ സ്കൂൾ വളപ്പിൽ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇറവങ്കര സ്കൂൾ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. കേരളത്തെ ദുരിതത്തിലാക്കിയ മഴക്കെടുതിയെ അതിജീവിച്ചാണ് സ്കൂളിലെ കൃഷി വൻ വിജയമാക്കിയത്.
സ്‌കൂൾ വളപ്പിലെ അരയേക്കറോളം പ്രദേശം കൃഷിക്ക് സജ്ജമാക്കിയത് നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ്. 'മാവേലിയ്‌ക്കൊപ്പം മണ്ണിനൊപ്പം ' പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് വിളയിപ്പിച്ചെടുത്തത്. നുറു മേനി വിളവും കിട്ടിയെന്ന് അഭിമാനത്തോടെ കുട്ടികൾ പറയുന്നു. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. ജലസേചനത്തിനൊപ്പം, വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകുന്നു. കളകൾ നിയന്ത്രിക്കുവാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു.