ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ കീഴിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സുഭിക്ഷ ഉച്ചഭക്ഷണശാലക്ക് ആലപ്പുഴയിൽ തുടക്കമായി. ശവക്കോട്ടപാലത്തിന് സമീപമുള്ള നഗരസഭയുടെ രാത്രികാല പാർപ്പിട സമുച്ചയത്തിലാണ് ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മന്ത്രി ജി സുധാകരൻ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളികൾ പൊതുവെ വില കൂടിയ വസ്തുക്കളുടെ പുറകെ പോകുന്നവരാണെന്നും ഗുണത്തിനേക്കാൾ അതിന്‍റെ പേരാണ് ശ്രദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഏറ്റവും മോശം ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് ആലപ്പുഴ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരാളുപോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ പണം ഇല്ലാത്തവർക്കും ആഹാരം നൽകാനുള്ള ക്രമീകരണങ്ങൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനത്തിനായി ഈ വർഷം 20 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊമ്മാടിയിലെ കുടുംബശ്രീ യൂണിറ്റാണ് ഭക്ഷണശാല ഏറ്റെടുത്ത് നടത്തുന്നത്. 20 രൂപയാണ് ഒരു ഊണിന്റെ വില. ഉദ്ഘാടന ദിവസം ആലപ്പുഴ ജോയിന്റ് കൗൺസിലിന്റെ വകയായി എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകി. മന്ത്രിമാരും ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെഎസ്എഫ്ഇയുടെ സിഎസ്ആർ പദ്ധതിയിലൂടെ 'ജനകീയ ഭക്ഷണശാല' എന്ന പേരിൽ സൗജന്യ ഭക്ഷണശാല ആലപ്പുഴ പാതിരാപ്പള്ളിയിൽ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്നുണ്ട്.