ആലപ്പുഴ : കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും പ്രദേശങ്ങൾ ഏറെക്കുറെ വെളളത്തിനടിയിലാവുകയും ചെയ്‌ത സാഹചര്യത്തിൽ തോട്ടപ്പള്ളി സ്‌പിൽവേയിലൂടെയുള്ള നീരൊഴുക്ക് ശക്തമാക്കാന്‍ ജില്ലാഭരണകൂടം നടപടി ആരംഭിച്ചു.
കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഒഴുകിവന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ അടഞ്ഞിരുന്നു. ഇതോടെയാണ് നീരൊഴുക്കിന്‍റെ വേഗത കുറഞ്ഞത്.
എന്നാൽ ഇവ എത്രയും വേഗം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് ജില്ല ഭരണകൂടം. ജലസേചന വകുപ്പിനെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇതിൻപ്രകാരം തോട്ടപ്പള്ളിയിൽ മണൽവാരുന്ന ജെസിബിയും ലോറികളും കൊണ്ടുവന്നാണ് മാലിന്യങ്ങൾ നീക്കുന്നത്.
അതേസമയം നീരൊഴുക്ക് ശക്തമാക്കാന്‍ തോട്ടപ്പള്ളി സ്‌പില്‍വേയിലെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിട്ടുണ്ട്. സ്‌പില്‍വേയിലെ പാലത്തിനടിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാല്‍ രാത്രി 9.30 മുതല്‍ 11 വരെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുമെന്ന് ആലപ്പുഴ ജില്ല കലക്‌ടര്‍ അറിയിച്ചു.