ആലപ്പുഴ : ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. കാട്ടില്‍ തെക്കേതില്‍ വള്ളമാണ് മുങ്ങിയത്. മുഴുവനാളുകളെയും രക്ഷപ്പെടുത്തി. ഇവരെ ചമ്പക്കുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരാണ് വള്ളംകളിയുടെ ഭാഗമായത്. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലിന് തൊട്ടുമുമ്പായിരുന്നു അപകടം.നെടുമുടി പഞ്ചായത്ത് സിഡിഎസിന്‍റെ കമ്പനി എന്ന വള്ളവും ചമ്പക്കുളം പഞ്ചായത്ത് സിഡിഎസിന്‍റെ തെക്കേതില്‍ എന്ന വള്ളവും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
ഫിനിഷിങ് പോയിന്‍റിന് മുന്നൂറ് മീറ്റര്‍ അകലെ വച്ചാണ് വള്ളം കീഴ്‌മേല്‍ മറിഞ്ഞത്. ചിലര്‍ നീന്തി കരയ്‌ക്കെത്തി. ചിലരെ ബോട്ടുകളില്‍ എത്തിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മറ്റ് വള്ളങ്ങള്‍ പിന്നാലെ തുഴഞ്ഞ് എത്തിയിരുന്നതിനാല്‍ അതിന്‍റെ ഓളത്തില്‍പ്പെട്ട് മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് നേരത്തേക്ക് മറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു.
പമ്പയാറ്റിൽ ഒരു ഭാഗത്ത് ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കുകയായിരുന്നു. അപകടം നടന്ന ഉടൻ, സ്ഥലത്തുണ്ടായിരുന്ന ജില്ല കലക്ടർ മത്സരം നിർത്തി വച്ച് എല്ലാവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ മൈക്കിലൂടെ അടിയന്തിര നിർദ്ദേശം നൽകി. നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞ വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
വിജയകിരീടം ചൂടി നടുഭാഗം ചുണ്ടന്‍ : അപകടമുണ്ടായി ഒരിടവേളയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്. നടുഭാഗം ചുണ്ടന്‍ ചമ്പക്കുളം മൂലം വള്ളം കളിയില്‍ വിജയകിരീടം ചൂടി. പമ്പയാറ്റിൽ നടന്ന ആവേശോജ്വല മത്സരത്തില്‍ ചെറുതന രണ്ടാം സ്ഥാനത്തും ആയാപറമ്പ് വലിയ ദിവാന്‍ജി മൂന്നാമതുമെത്തി. കലാശപ്പോരാട്ടത്തില്‍ രണ്ട് വള്ളപ്പാട് വ്യത്യാസത്തില്‍ മുന്നിലെത്തിയാണ് നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്.
ആദ്യ ഹീറ്റ്‌സിലാണ് ആയാപറമ്പ് വലിയ ദിവാന്‍ജി ജയം നേടിയത്. കേരള പൊലീസ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെയാണ് വലിയ ദിവാന്‍ജി സംഘം പിന്നിലാക്കിയത്. ചെറുതന രണ്ടാം ഹീറ്റ്‌സിലും നടുഭാഗം ചുണ്ടന്‍ മൂന്നാം ഹീറ്റ്സിലും ജയിച്ചാണ് കലാശ പോരിന് യോഗ്യത നേടിയത്. 13 പഞ്ചായത്തുകളില്‍ നിന്നായി 13 വള്ളങ്ങളാണ് ഇത്തവണ മത്സരങ്ങളില്‍ അണിനിരന്നത്.
ആറ് ചുണ്ടന്‍ വള്ളങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ല കലക്‌ടര്‍ ഹരിത വി കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്. കൃഷി മന്ത്രി പി പ്രസാദ് വള്ളം കളി ഉദ്‌ഘാടനം ചെയ്‌തു. എംഎല്‍എ തോമസ് കെ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വള്ളം കളി നടന്നത്.
കുട്ടനാടിന്‍റെ പൈതൃക ആഘോഷം കൂടിയാണ് 400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വള്ളം കളി. ഓണക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടുള്ള ജലമേള കൂടിയാണിത്. മലയാള മാസം മിഥുനത്തിലെ മൂലം നാളില്‍ പമ്പയാറിന്‍റെ കൈവഴികളിലൊന്നായ ചമ്പക്കുളത്താറ്റിലണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.