ആലപ്പുഴ: ഇടുക്കിയിൽ പൈനാവ് ഗവൺമെന്‍റ് എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കെഎസ്‌യു പ്രവർത്തകൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പലയിടത്തും എസ്എഫ്ഐ-സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്കിന്‍റെ ഭാഗമായാണ് പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ചാരുംമൂട്ടിൽ എസ്എഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ കല്ലേറ് ഉണ്ടായതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കെഎസ്‌യു പ്രവർത്തകർ പ്രകടനമായെത്തി എസ്എഫ്ഐയുടെ കൊടിമരങ്ങൾ പിഴുതെറിഞ്ഞു. ശേഷം എസ്എഫ്ഐയുടെ കൊടികൾ കൂട്ടിയിട്ട് കത്തിച്ചു. സിപിഎം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചാരണ സാമഗ്രികളും ബോർഡും കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ മുദ്രാവാക്യം വിളികളുമായി എത്തിയാണ് കൊടിമരങ്ങൾ നശിപ്പിച്ചത്.
ഇതേത്തുടർന്ന് ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം നൽകിയിരുന്നെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രകടനങ്ങൾ പൊലീസ് തടഞ്ഞു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നു. സംഘർഷമുണ്ടാവാതിരിക്കാൻ സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ പൊലീസ് പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.