ആലപ്പുഴ: രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതയുളളതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘം പരിശോധന ഊർജ്ജിതമാക്കി. എല്ലാ ക്യാമ്പുകളിലും ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം പരിശോധന നടത്തുന്നുണ്ട്. ഇതോടൊപ്പം കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവർക്ക് പരിചരണവും വൈദ്യസഹായവും നൽകുന്നുണ്ട്. കിടപ്പുരോഗികളെ ആശുപത്രിയിലേക്കും മാറ്റുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നുണ്ട്.
ജില്ല മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പർ- 0477-2251650. ജില്ലയിൽ 10 വാഹനങ്ങൾ, മൂന്ന് ഫ്ലോട്ടിങ് ഡിസ്‌പെൻസറികൾ, രണ്ട് വാട്ടർ ആംബുലൻസുകൾ, 15-108 ആംബുലൻസുകൾ, വിവിധ ആശുപത്രികളിലെ 15 ആംബുലൻസുകൾ എന്നിവ സജ്ജമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ, ക്ലോറിൻ ഗുളികകൾ, ഒആർഎസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ അതതു പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ മെഡിക്കൽ ടീം സന്ദർശിച്ച് ആവശ്യമായ ചികിത്സ നൽകുകയും, പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമാക്കിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആവശ്യമായവർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ നൽകുന്നുണ്ട്.