ആലപ്പുഴ: ജില്ലയിൽ ഇന്ന് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 27ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ പാണ്ടനാട് സ്വദേശിയായ യുവാവ്, 17ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയ മുതുകുളം സ്വദേശി, 14ന് കുവൈറ്റ് നിന്നും കോഴിക്കോട് എത്തിയ മാന്നാർ സ്വദേശിയായ യുവാവ്, 26ന് കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തിയ 51കാരനായ മാവേലിക്കര തെക്കേക്കര സ്വദേശി, 26ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ ചിങ്ങോലി സ്വദേശിയായ യുവാവ്, 26ന് കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് എത്തിയ കടക്കരപ്പള്ളി സ്വദേശിനി, അതേദിവസം കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് എത്തിയ മണ്ണഞ്ചേരി സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററുകളില്‍ നിരീക്ഷണത്തിലായിരുന്നു.
ഇവര്‍ക്ക് പുറമെ 27ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിൽ എത്തിയ തഴക്കര സ്വദേശി, 26ന് പൂനയിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, ഇയാളോടൊപ്പം പൂനെയിൽ നിന്നും എത്തിയ ബന്ധുവായ പെൺകുട്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരിൽ ആറ് പേരെ മെഡിക്കൽ കോളജിലും നാല് പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് നിലവിൽ 51 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.