ആലപ്പുഴ : കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ മൃതദേഹം സംസ്‌കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീടായ കുന്നുംപുറത്ത് വീട്ടിലായിരുന്നു സംസ്‌കാരം.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും സഹപ്രവർത്തകരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. രണ്ട് വർഷം മുൻപ് മരണമടഞ്ഞ പിതാവിന്‍റെ കുഴിമാടത്തിന് സമീപമാണ് രഞ്ജിത്തിന് ചിതയൊരുക്കിയത്.
Also Read: പോത്തൻകോട് കൊലപാതകം : ഒട്ടകം രാജേഷുമായി തെളിവെടുപ്പ്, ആയുധം കണ്ടെടുത്തു
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജാശുപ്രത്രിയില്‍ നിന്നും ജില്ല കോടതിയിലെ ബാർ അസോസിയേഷൻ ഹാളിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി വലിയഴീക്കലിലുള്ള കുടുംബ വീട്ടിലെത്തിച്ചു.
ബന്ധുക്കളും പാർട്ടി നേതാക്കളും നാട്ടുകാരും ചേർന്ന് അന്ത്യോപചാരമർപ്പിച്ചു. ചടങ്ങുകൾക്കൊടുവിൽ സഹോദരൻ അഭിജിത്ത് രഞ്ജിത്തിന്‍റെ ചിതയ്ക്ക് തീക്കൊളുത്തി.
കഴിഞ്ഞ ദിവസം വീട്ടില്‍ക്കയറി അമ്മയുടേയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് രഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.