ആലപ്പുഴ: കായംകുളം-എറണാകുളം റൂട്ടിൽ ഭാഗികമായി പുനരാരംഭിച്ച പാസഞ്ചർ ട്രെയിനുകൾ സ്ഥിര യാത്രക്കാരായ ജീവനക്കാർക്ക് ഉപകാരപ്രദമാകും വിധം പുനഃക്രമീകരിക്കണമെന്നും കോവിഡിന് മുൻപുണ്ടായിരുന്ന എല്ലാ സർവ്വീസുകളും അടിയന്തരമായി പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. റെയിൽവെ അധികൃതർക്ക് കത്ത് നൽകി.
മുൻപ് രാവിലെ 07.50ന് എറണാകുളത്ത് നിന്നും പുറപ്പെട്ടിരുന്ന പാസഞ്ചറിനു പകരമായി 07.20ന് പുറപ്പെട്ട് 09.00ന് ആലപ്പുഴയിൽ എത്തുന്ന അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ സമയം സൗകര്യപ്രദമല്ലാത്തത് കൊണ്ടും പകുതിയിൽ അധികം സ്‌റ്റോപ്പുകൾ വെട്ടിക്കുറച്ചതുകൊണ്ടും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണുള്ളത്. ഈ ട്രെയിൻ പഴയ സമയത്ത് തന്നെ ഓടിക്കുകയും മുഴുവൻ സ്റ്റോപ്പുകളിലും നിർത്തുകയും ചെയ്യണം.
രാവിലെ 8.40നുള്ള കായംകുളം-എറണാകുളം, വൈകിട്ട് 06.00 മണിക്കുള്ള എറണാകുളം-കൊല്ലം പാസഞ്ചർ വണ്ടികൾ അടക്കമുള്ള എല്ലാ സർവ്വീസുകളും അടിയന്തരമായി പുനരാരംഭിക്കണമെന്നും എക്സ്പ്രസ് ചാർജ്ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും റെയിൽവെ ബോർഡ് ചെയർമാൻ സുനീത് ശർമ്മ, ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ജോൺ തോമസ് എന്നിവർക്ക് അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.