ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉജ്ജ്വല വിജയം നേടി ഇടതുമുന്നണി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വമ്പിച്ച വിജയമാണ് നേടിയത്. ജില്ലയുടെ തെക്ക് കിഴക്കൻ മേഖലകളിൽ എൻഡിഎയും മികച്ച പ്രകടനം കാഴ്‌ച വച്ചു. ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിൽ 21 ഇടത്തും എൽഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തി. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ഇടത്തും ഇടതുമുന്നണി മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. 72 ഗ്രാമപഞ്ചായത്തുകളിൽ അൻപതും ഇടതിനൊപ്പം നിന്നു. ഇതോടെ വാശിയേറിയ തെരഞ്ഞെടുപ്പിന് വേദിയായ ആലപ്പുഴ ഇടത് കോട്ടയെന്ന പേര് നിലനിർത്തി.
ആലപ്പുഴ നഗരസഭയിലാണ് എൽഡിഎഫ് വിജയത്തിന് തുടക്കം കുറിച്ചത്. 52 ൽ 35 സീറ്റുകൾ നേടി വ്യക്തമായ ആധിപത്യത്തോടെ യുഡിഎഫിൽ നിന്ന് ആലപ്പുഴ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. തുടർന്നങ്ങോട്ട് യുഡിഎഫിന്‍റെ കുത്തകയായിരുന്ന ചേർത്തലയും എൽഡിഎഫ് പിടിച്ചെടുത്തു. കായംകുളം നില നിർത്തിയപ്പോൾ മാവേലിക്കരയിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമായി. ഹരിപ്പാടും ചെങ്ങന്നൂരും യുഡിഎഫിനൊപ്പം നിന്നപ്പോൾ ഏഴു സീറ്റുകൾ നേടി എൻഡിഎ ചെങ്ങന്നൂരിൽ മികച്ച മത്സരം കാഴ്‌ച വച്ചു. നഗരസഭകളിൽ അൽപ്പം പിടിച്ച് നിന്നെങ്കിലും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫിന് മേൽകൈ നേടാൻ സാധിച്ചില്ല. യുഡിഎഫിന്‍റെ കയ്യിൽ നിന്ന് ചമ്പക്കളവും, ഹരിപ്പാടും പിടിച്ചെടുത്തു കൊണ്ട് 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് തേരോട്ടമായിരുന്നു.
യുഡിഎഫ് ചിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായ ജില്ലയിൽ നില മെച്ചപ്പെടുത്തിയത് ബിജെപിയാണ്. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ വ്യക്തമായ മുന്നേറ്റമാണ് നേടിയത്. ചെങ്ങന്നൂർ നഗരസഭയിലെ വിജയം ഒഴിച്ചാൽ ബിജെപിയുടെ വിജയം കനത്ത പ്രഹരം നൽകിയത് യുഡിഎഫിനാണ്. പാണ്ടനാടും തിരുവൻവണ്ടൂരും പഞ്ചായത്തുകൾ നേടിയെടുത്തതിനൊപ്പം പ്രതിപക്ഷ നേതാവിന്‍റെ പഞ്ചായത്തായ ചെന്നിത്തലയിലും മുതുകുളത്തും എൻഡിഎ പ്രതിപക്ഷമാകും. വിമതശല്യം മുന്നണികളിൽ പലയിടങ്ങളിലും ജയപരാജയങ്ങൾ നിർണയിച്ചപ്പോൾ ഇടത് ശക്തികേന്ദ്രമായ മുഹമ്മയിൽ സിപിഎം പുറത്താക്കിയ വി.എസ് അച്യുതാനന്ദൻ്റെ മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായ ലതീഷ് ബി.ചന്ദ്രൻ്റെ വിജയം ശ്രദ്ധേയമായി. യുഡിഎഫ് കോട്ടകളിൽ വരുത്തിയ വിള്ളൽ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ ഇടതുമുന്നണി. നഷ്‌ടമായ പിന്തുണ കൂടി നേടിയെടുത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഒപ്പം മികച്ചമുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ജില്ലയിലെ എൻഡിഎ നേതൃത്വവും.