ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. ഷാനിമോൾ ഉസ്മാന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കാര്യത്തിൽ അതൃപ്തിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ എം ലിജു. ആലപ്പുഴയിൽ ഡിസിസി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കൾക്കെതിരെ ഡിസിസി നേതൃയോഗത്തിൽ വിമർശനം ഉണ്ടായിട്ടില്ലെന്നും പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ലിജു പറഞ്ഞു.
അരൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആരായിരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയാണ് കെപിസിസിക്കുള്ളത്. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിഷയങ്ങൾ പഠിക്കാൻ കെപിസിസി നിയോഗിച്ച കെവി തോമസ് സമിതി അധികം വൈകാതെ തന്നെ ജില്ലയിലെത്തും. അതുവരെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുവേദിയിൽ പറയുന്നില്ലെന്നും ലിജു പറഞ്ഞു.
ഡിസിസി നേതൃയോഗത്തിൽ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന ഷാനിമോൾ ഉസ്മാൻ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികതയില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഷാനിമോൾ നേരത്തെ അറിയിച്ചിരുന്നു. എഐസിസി പ്രവർത്തകസമിതി അംഗം എ കെ ആന്‍റണിക്കും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെയുള്ള സൈബർ ആക്രമണങ്ങൾ അപലപനീയമാണെന്നും ഇതും പാർട്ടി അന്വേഷിക്കുന്നുണ്ട്. ആലപ്പുഴയിലെ പരാജയത്തിന്റെ സംഘടനാപരമായ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്‍റ് എന്ന നിലയിൽ തനിക്കുണ്ടെന്നും ലിജു പറഞ്ഞു.