ആലപ്പുഴ: 'ആര്‍പ്പോ... ഇര്‍റോ...ഇര്‍റോ...!', വള്ളംകളിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലോടിയെത്തുക ഈ വരികള്‍ പോലെയുള്ള ആവേശമായിരിക്കും. ആരെയും ത്രസിപ്പിക്കുന്ന കേരളത്തിന്‍റെ സ്വന്തം ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍, സംസ്ഥാനത്തിന്‍റെ നാനാഭാഗത്ത് നിന്നുള്ള ആളുകളാണ് എല്ലാ കൊല്ലവും ആലപ്പുഴ പുന്നമടക്കായലിലേക്ക് ഒഴുകിയെത്താറുള്ളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ളതാണ് ഇപ്രാവശ്യത്തെ ജലമേള.
ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 4) രാവിലെ 11നാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്‌പാര്‍ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉര്‍ത്തും. അമ്പതിനായിരത്തോളം കാണികൾ എത്തുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ കണക്കുകൂട്ടൽ. നഗരത്തിൽ പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷാചുമതകൾക്കായി 20 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചത്.
സുരക്ഷ നോക്കാതെ വള്ളത്തില്‍ ചാടി നെഹ്‌റു: പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ മത്സരമാണ് വള്ളംകളിയുടെ ചരിത്രം. 1952 ഡിസംബർ 27 നുണ്ടായ ആദ്യമത്സരം പിന്നീട് നെഹ്‌റുവിനോടുള്ള ആദരസൂചകമായി 1969ല്‍ നെഹ്‌റു ട്രോഫി വള്ളംകളിയായി. അങ്ങനെ, ഇത് പിന്നീട് സംസ്ഥാനത്തിന്‍റെ പ്രധാന ജലമേളയായി മാറി.
ആദ്യ വള്ളംകളിയുടെ മത്സരാന്ത്യത്തിൽ സുരക്ഷാക്രമീകരണങ്ങള്‍ കണക്കിലെടുക്കാതെ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ നെഹ്‌റു ചാടിക്കയറിയിരുന്നു. ഒരു പ്രധാനമന്ത്രി തങ്ങളുടെ വള്ളത്തില്‍ കയറി നിന്നതിന്‍റെ ആഹ്ളാദത്തില്‍ വള്ളംകളി പ്രേമികൾ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കൊച്ചി വരെയെത്തിച്ചാണ് യാത്രയാക്കിയതെന്നത് ചരിത്രം.
വിജയപ്രതീക്ഷയുമായി തുഴച്ചിലിന് പൊലീസ് ടീമും: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മത്സരമായതുകൊണ്ട് വലിയ ആവേശത്തിലാണ് വള്ളംകളി പ്രേമികൾ. ഹാട്രിക് പ്രതീക്ഷയുമായി നിലവിലെ ചാമ്പ്യൻമാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, മഹാദേവി കാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ എത്തുമ്പോൾ, കുമരകം ബോട്ട് ക്ലബ് തുഴയുന്നത് സെന്‍റ് പയസ് ടെൻതിൽ ആണ്. ഓളപ്പരപ്പിലെ ചക്രവർത്തി കാരിച്ചാൽ ഇത്തവണ യുബിസി കൈനകരിക്കൊപ്പമാണ്. വിജയപ്രതീക്ഷ ഏറെയുള്ള കേരള പൊലീസ് ടീം ചമ്പക്കുളം വള്ളത്തിൽ മത്സരിക്കും.
ഫൈനൽ പോര് നാല് വള്ളങ്ങളില്‍: ഒരു മാസം നീണ്ട കടുത്ത പരിശീലനത്തിലൊടുവിലാണ് ചുണ്ടൻ വള്ളങ്ങള്‍ പുന്നമടക്കായലിൽ പോരിനിറങ്ങുക. 1200 മീറ്റർ നീളമുള്ള ട്രാക്കിൽ 20 ചുണ്ടൻ വള്ളങ്ങളും 79 കളിവള്ളങ്ങളുമാണ് മത്സരിക്കുക. നാല് വള്ളങ്ങൾ വീതം അഞ്ച് ഹീറ്റ്സുകളിലായാണ് ജലമേള. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ജലമേളയുടെ ഫൈനൽ പോരിനിറങ്ങുക.
വീയപുരവും നിരണവും, നടുഭാഗവും, ആയാപറമ്പ് പാണ്ടിയും അടങ്ങുന്ന ജലരാജാക്കന്മാർ അണിനിരക്കുമ്പോൾ ആവേശം അത് കൊടുമുടി കയറും. കുറ്റമറ്റ നിലയിൽ നടത്തുന്നതിനുള്ള യന്ത്രവത്കൃത സ്റ്റാര്‍ട്ടിങ്, ഫോട്ടോ ഫിനിഷിങ് എന്നീ സംവിധാനങ്ങള്‍ മത്സര ഫലത്തെ കൂടുതല്‍ ആധികാരിതയുള്ളതാക്കും.