ആലപ്പുഴ : അതിഥി തൊഴിലാളികളുടെ യാത്രാചെലവ് നൽകാൻ മാറ്റി വച്ച തുക പ്രവാസികൾക്ക് നൽകുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് അഡ്വ. എം ലിജു. വിമാന ടിക്കറ്റ് എടുക്കാൻ കഴിയാത്ത പ്രവാസികളുടെ യാത്രാചെലവ് വഹിക്കാൻ ഡിസിസി തയ്യാറാണെന്ന് അഡ്വ എം ലിജു പറഞ്ഞു.
പ്രവാസ ലോകത്ത് നിന്ന് നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിൻ്റെ പേരിൽ എത്താൻ കഴിയാത്ത ഒരുപാട് ആളുകളുണ്ട്. ഇവരുടെ യാത്രാ ചിലവുകൾക്ക് വേണ്ടിയാണ് പണം നൽകുന്നത്. അർഹരായ പ്രവാസികളെ സഹായിക്കാനാണ് ഡിസിസി ശ്രമിക്കുന്നത്. നിർധനരായ പ്രവാസികളെ കണ്ടെത്തി അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടോ പ്രവാസി സംഘടനകൾ വഴിയോ തുക കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിന് ഡിസിസി വാഗ്‌ദാനം ചെയ്ത തുക സ്വീകരിക്കാൻ ജില്ലാ കലക്ടർ വിസമ്മതിച്ചിരുന്നു. ഈ തുകക്കുള്ള ടിക്കറ്റ് പ്രവാസികൾക്ക് നൽകുമെന്ന് അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.