ബീജിങ്: ആര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെന്നും ചൈനീസ് ടെന്നീസ് താരം പെങ് ഷുവായി (Peng Shuai). മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം ഉന്നയച്ചതിന് പിന്നാലെ, താരത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് കായിക ലോകം ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് പെങ്ങിന്‍റെ പ്രതികരണം.
''ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുകയോ എഴുതുകയോ ചെയ്‌തിട്ടില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയായി തന്നെയാണ് ജീവിക്കുന്നത്''. സിംഗപ്പൂരിലെ ചൈനീസ് ഭാഷാ പത്രമായ ലിയാൻഹെ സാവോബാവോയ്ക്ക് നൽകിയ അഭിമുഖത്തില്‍ 35കാരിയായ പെങ് പറഞ്ഞു. ഇതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
പെങ്ങിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് ഡബ്ല്യുടിഎ
പെങ് ഷുവായിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്ക തുടരുന്നതായി വനിത ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) അറിയിച്ചു. പെങ്ങിന്‍റെ ആരോപണത്തില്‍ സമ്പൂർണവും നീതിയുക്തവും സുതാര്യവുമായ അന്വേഷണവും വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ഡബ്ല്യുടിഎ പ്രസ്‌താവനയില്‍ അറിയിച്ചു.
വെയ്‌ബോയിലൂടെ ആരോപണം
കഴിഞ്ഞ നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നത്. താരത്തിന്‍റെ വെരിഫയ്‌ഡ് അക്കൗണ്ടില്‍ നിന്നും പോസ്‌റ്റ് ചെയ്‌ത കുറിപ്പ് വളരെ വേഗത്തില്‍ അപ്രത്യക്ഷമായി.
ഇതിന് പിന്നാലെ പെങ്ങിനെ കാണാതാവുകയും ചെയ്‌തു. താരത്തിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട് കായിക ലോകം ചൈനക്കെതിരെ തിരിഞ്ഞിരുന്നു. ഇതിനിടെ പെങ് ഷുവായിയുടെ ചില വീഡിയോകള്‍ പുറത്ത് വന്നെങ്കിലും ആശങ്കകള്‍ ലഘൂകരിക്കാന്‍ പര്യാപ്തമല്ലെന്ന് വനിത ടെന്നിസ് അസോസിയേഷന്‍ ചെയര്‍മാന്‍ സ്‌റ്റീവ് സൈമണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്‍റുകളും ഡബ്ല്യുടിഎ റദ്ദാക്കുകയും ചെയ്‌തു.