ന്യൂഡല്‍ഹി: ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് കായിക ലോകത്ത് പുതിയ അധ്യായം സൃഷ്‌ടിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. മാർച്ച് ഏഴ് മുതല്‍ 11 വരെ ജമ്മു കശ്‌മീരിലും ഗുല്‍മാർഗിലുമായിട്ടായിരിക്കും ഗെയിംസ് നടക്കുക. ഗെയിംസിന്‍റെ ആദ്യ എഡിഷനാണ് കശ്‌മീർ താഴ്‌വര സാക്ഷ്യം വഹിക്കുന്നത്. ഉദ്‌ഘാടന ചടങ്ങുകൾ ഗുല്‍മാർഗില്‍ നടക്കും. രാജ്യത്തെ ശീതകാല കായിക ഇനങ്ങൾക്ക് ഗെയിംസ് പുതിയ ഭാവം നല്‍കും. ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാല്‍ ശീതകാല ഗെയിംസ് നടത്താന്‍ ലോകത്ത് ഏറ്റവും അനുയോജ്യമായ സ്ഥലം ഗുല്‍മാർഗ് ആണ്. മഞ്ഞു വീഴ്‌ച്ചയും ഭൂപ്രകൃതിയും അതിന് അനുയോജ്യമാണ്. ജമ്മു കശ്മീരില്‍ നിരവധി സാധ്യതകൾ നിലനില്‍ക്കുന്നുണ്ട്. മേഖലയിലെ വിനോദസഞ്ചാര മേഖലക്കും യുവാക്കൾക്കും ഗെയിംസ് ഉണർവ് പകരുമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.
ആണ്‍ പെണ്‍ വിഭാഗങ്ങളിലായാണ് ഗെയിംസ് നടക്കുക. മത്സരങ്ങളെ നാല് വ്യത്യസ്ഥ പ്രായവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആല്‍ഫീന്‍ സ്‌കീയിങ്ങ്, ക്രോസ് കണ്‍ട്രി സ്‌കീയിങ്, സ്‌നോ ബോർഡിങ്, സ്‌നോ ഷൂയിങ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കായിക താരങ്ങളും ഓഫീഷ്യല്‍സും അടക്കം 841 പേർ ഗെയിംസിന്‍റെ ഭാഗമാകും. ജമ്മു കശ്‌മീർ സ്‌പോർട്സ് കൗണ്‍സില്‍, ജമ്മു കശ്‌മീർ വിന്‍റർ ഗെയിംസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കും ഗെയിംസിന്‍റെ ഭാഗമാകും. കേന്ദ്ര യുവജന കാര്യ മന്ത്രാലയമാണ് ഗെയിംസിന് സാമ്പത്തിക സഹായം നല്‍കുന്നത്.