പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളില്‍ കന്നി കിരീടം ലക്ഷ്യം വയ്‌ക്കുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് വമ്പന്‍ തിരിച്ചടി. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മർ ജൂനിയറിന് സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കാനായേക്കില്ല. വലത് കണങ്കാലിലെ ലിഗമെന്‍റിനേറ്റ പരിക്കാണ് 31കാരന് കളത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
നെയ്‌മര്‍ ഉടന്‍ തന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുമെന്നും പിഎസ്‌ജി അറിയിച്ചിട്ടുണ്ട്. ദോഹയിലാണ് താരത്തിന്‍റെ ശസ്‌ത്രക്രിയ നടക്കുക. ഇതോടെ മൂന്ന് മുതല്‍ നാല് വരെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശ്രമത്തിന് ശേഷം മാത്രമേ നെയ്‌മര്‍ക്ക് പരിശീലനത്തിനായി മടങ്ങിയെത്താനാവുകയെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 20ന് ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് സ്‌ട്രെക്‌ച്ചറിലായിരുന്നു ബ്രസീല്‍ സ്ട്രൈക്കറെ പുറത്തെത്തിച്ചത്. സമീപ വര്‍ഷങ്ങളിലായി പലതവണ പരിക്കേറ്റ ഭാഗത്താണ് നെയ്‌മര്‍ക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നതെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കര്‍ സംഘം നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് ആവർത്തിച്ചുള്ള പരിക്കിലെ വലിയ അപകടസാധ്യത ഒഴിവാക്കാൻ ലിഗമെന്‍റിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയത്. നെയ്‌മറുടെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച എല്ലാ വിദഗ്‌ധരും ഈ ആവശ്യകത സ്ഥിരീകരിച്ചതായും ക്ലബ് കൂട്ടിച്ചേര്‍ത്തു.
ലില്ലെയ്‌ക്ക് എതിരായ മത്സരത്തിന് ശേഷം പിഎസ്‌ജി കളിച്ച രണ്ട് മത്സരങ്ങളിലും നെയ്‌മര്‍ ഇറങ്ങിയിരുന്നില്ല. പിഎസ്‌ജിക്കായി മികച്ച പ്രകടനമാണ് ഈ സീസണിലും നെയ്‌മര്‍ നടത്തിയിരുന്നത്. ഫ്രഞ്ച് ലീഗില്‍ 13 ഗോളുകളടിച്ച 31കാരന്‍ 11 ഗോളുകള്‍ക്ക് അസിസ്റ്റും നല്‍കിയിട്ടുണ്ട്. ഈ സീസണിൽ ആകെ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം.
പരിക്കിന് കാരണമുണ്ട്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ എന്നിവരെ പരിക്ക് വിടാതെ പിന്തുരടുന്നത് പിഎസ്‌ജിക്ക് തലവേദനയാണ്. പരിക്കിനെ തുടര്‍ന്ന് പലതവണയായി സൂപ്പര്‍ താരങ്ങള്‍ക്ക് കളത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്ന് പിഎസ്‌ജി പരിശീലകന്‍ ക്രിസ്‌റ്റോഫ് ഗാൽറ്റിയർ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ക്ലബിന്‍റെ തിരക്കേറിയ ഷെഡ്യൂളിനും താരങ്ങളുടെ പരിക്കില്‍ പങ്കുണ്ടെന്നാണ് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ അഭിപ്രായപ്പെട്ടത്.
ഒരു ഗോള്‍ പിന്നില്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാർട്ടറിന്‍റെ രണ്ടാം പാദത്തില്‍ ബുധനാഴ്‌ചയാണ് പിഎസ്‌ജി ജര്‍മന്‍ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുന്നത്. ബയേണിന്‍റെ മൈതാനത്താണ് കളി നടക്കുക. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ പിഎസ്‌ജി ബയേണിനോട് തോല്‍വി വഴങ്ങിയിരുന്നു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സംഘത്തിന്‍റെ തോല്‍വി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറ്റം ഉറപ്പിക്കണമെങ്കില്‍ പിഎസ്‌ജിക്ക് ബയേണിനെതിരെ രണ്ട് ഗോൾ വ്യത്യാസത്തിലുള്ള വിജയം ആവശ്യമാണ്. അതിന് കഴിഞ്ഞതില്‍ ഈ സീസണില്‍ സംഘത്തിന്‍റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളും അവസാനിക്കും.
അതേസമയം ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയേക്കാള്‍ എട്ട് പോയിന്‍റ് ലീഡുമായാണ് പിഎസ്‌ജി തലപ്പത്ത് നില്‍ക്കുന്നത്. 26 മത്സരങ്ങളില്‍ 20 വിജയങ്ങളോടെ 63 പോയിന്‍റാണ് പിഎസ്‌ജിയ്‌ക്ക് ഉള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളോടെ 55 പോയിന്‍റാണ് മാഴ്‌സെയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ALSO READ: ലിവര്‍പൂളിന്‍റെ ഗോളടിയന്ത്രമായി മുഹമ്മദ് സലാ ; പ്രീമിയര്‍ ലീഗില്‍ വമ്പന്‍ റെക്കോഡ്