ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. വെള്ളി മെഡൽ ജേതാക്കൾക്ക് 40 ലക്ഷം രൂപയും വെങ്കല ജേതാക്കൾക്ക് 25 ലക്ഷം രൂപയും ഒളിമ്പിക് അസോസിയേഷൻ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന താരങ്ങൾ പ്രതിനിധീകരിക്കുന്ന കായിക ഫെഡറേഷനുകൾക്ക് 25 ലക്ഷം രൂപ ബോണസ് തുക നൽകണമെന്ന ഉപദേശക സമിതിയുടെ നിർദ്ദേശവും ഐഒഎ അംഗീകരിച്ചു.
ALSO READ: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ 28 പേർ; മേരി കോമും, മൻപ്രീത് സിങ്ങും പതാകയേന്തും
ഇതാദ്യമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മെഡൽ ജേതാക്കൾക്കും, ഫെഡറേഷനുകൾക്കും പാരിതോഷികം നൽകുന്നതെന്ന് ഐ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. ടോക്കിയോയിലെ ഇന്ത്യൻ സംഘത്തിലെ ഓരോ അംഗത്തിനും പ്രതിദിനം 50 യു.എസ് ഡോളർ പോക്കറ്റ് അലവൻസായി നൽകാനും ഉപദേശക സമിതി നിർദേശിച്ചിട്ടുണ്ട്.