ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒളിമ്പിക് സംഘാടക സമിതിയുടെ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്‌ച്ചയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ടോക്കിയോയിലെ സംഘാടക സമിതിയുടെ മുഖ്യ കാര്യാലയത്തിലാണ് ഇയാൾ ജോലി ചെയ്‌തു വന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വീട്ടില്‍ ക്വാറിന്‍റൈന്‍ ചെയ്‌തെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ ജോലി ചെയ്‌തിരുന്ന സ്ഥലം അണുവിമുക്തമാക്കിയിട്ടുണ്ട്. ഒപ്പം ജോലി ചെയ്‌തവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
3,500 പേരാണ് ഒളിമ്പിക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരില്‍ 90 ശതമാനവും കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി വർക്ക് അറ്റ് ഹോം സംവിധാനം പ്രയോജനപ്പെടുത്തുന്നവരാണ്. കൊവിഡ് ഭീതിയെ തുടർന്ന് ടോക്കിയ ഒളിമ്പിക്‌സ് 2021-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 2021 ജൂലൈ 23 മുതലാണ് ഗെയിംസ് അരങ്ങേറുക. അപ്പോഴത്തേക്കും ഗെയിംസിന് അനുകൂല സാഹചര്യം രൂപപ്പെടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം 2021-ന് അപ്പുറം ഗെയിംസ് നീട്ടികൊണ്ടുപോകാന്‍ ആവില്ലെന്ന് ജപ്പാന്‍ സർക്കാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.