റോം: ഇറ്റാലിയന്‍ സീരി എ വമ്പന്മാരായ യുവന്‍റസിന് വലിയ ആശ്വാസം. നിയമവിരുദ്ധമായ ട്രാൻസ്‌ഫര്‍ ഇടപാടുകളുമായുള്ള ബന്ധപ്പെട്ടുള്ള കോടതി നടപടിയില്‍ ക്ലബിന് താത്‌കാലിക ഇളവ്. കഴിഞ്ഞ ജനുവരിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോൾ ഫെഡറേഷൻ വെട്ടിക്കുറച്ച യുവന്‍റസിന്‍റെ 15 പോയിന്‍റുകള്‍ തിരികെ നല്‍കി.
രാജ്യത്തെ പരമോന്നത കായിക കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലബിന് പോയിന്‍റുകള്‍ തിരിച്ച് നല്‍കിയത്. പോയിന്‍റുകള്‍ തിരികെ ലഭിച്ചതോടെ ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന യുവന്‍റസ് മൂന്നാമതെത്തി. നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 59 പോയിന്‍റാണ് സംഘത്തിനുള്ളത്.
ഇതോടെ ക്ലബിന്‍റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്കും പ്രതീക്ഷ വച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ പരമോന്നത കായിക കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ യുവന്‍റസടക്കം 11 ക്ലബ്ബുകൾക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. 2021 ഏപ്രിലിൽ എല്ലാ ക്ലബ്ബുകളെയും കുറ്റവിമുക്തരാക്കിരുന്നുവെങ്കിലും ഫെഡറൽ പ്രോസിക്യൂട്ടർ അപ്പീൽ നൽകിയതോടെയാണ് ഈ വര്‍ഷം ജനുവരിയില്‍ കോടതി ഉത്തരവുണ്ടായിരുന്നത്.
ക്ലബ്ബിന്‍റെ മുന്‍ കാലത്തെയും ഇപ്പോഴത്തേയും 11 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കോടതി വിധിയുണ്ടായിരുന്നു. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം ചെയര്‍മാനായി തിരിച്ചെത്തിയ ആൻഡ്രിയ ആഗ്നെല്ലി, ചീഫ് എക്സിക്യുട്ടീവ് മൗറീസിയോ അരിവബീൻ എന്നിവർക്ക് രണ്ടുവർഷത്തെ വിലക്കാണ് കോടതി നല്‍കിയത്. ക്ലബ്ബിന്‍റെ മുന്‍ സ്പോർട്സ് ഡയറക്ടർ ഫാബിയോ പരാറ്റിസിക്ക് 30 മാസത്തെ വിലക്കും ലഭിച്ചു.
കോടതി വിധിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ ഫുട്ബാൾ മാനേജിങ് ഡയറക്‌ടറായിരുന്ന പരാറ്റിസി സ്ഥാനം ഒഴിഞ്ഞിരുന്നു. അതേസമയം 30 മത്സരങ്ങളില്‍ നിന്നും 75 പോയിന്‍റുമായി നാപ്പോളിയാണ് ലീഗില്‍ തലപ്പത്ത് തുടരുന്നത്. 61 പോയിന്‍റുള്ള എസ്എസ് ലാസിയോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.