കോപ്പൻഹേഗൻ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പ്രതിഷേധിക്കാന്‍ ഡെന്മാര്‍ക്ക് ഫുട്‌ബോള്‍ ടീം. ഖത്തറിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തിലുമാണ് ഡെന്മാര്‍ക്ക് പ്രതിഷേധിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജേഴ്‌സിയിലെ ടീം ലോഗോയും സ്പോണ്‍സര്‍മാരുടെ ലോഗോയും മങ്ങിയായിരിക്കും കാണപ്പെടുക.
- " class="align-text-top noRightClick twitterSection" data="
">
ഇതിന് പുറമെ "വിലാപത്തിന്‍റെ നിറം" പ്രതിനിധീകരിക്കുന്നതിനായി മൂന്നാം ജേഴ്‌സി പൂര്‍ണ്ണമായും കറുത്ത നിറത്തിലാണ് സ്പോണ്‍സര്‍മാരായ ഹമ്മൽ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. ഡെന്മാര്‍ക്ക് ദേശീയ ടീമിനെ പിന്തുണയ്‌ക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകളെ മരണത്തിനു തള്ളി വിട്ട ഖത്തറിനെ പിന്തുണക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഹമ്മല്‍ ഔദ്യോഗിക പ്രസ്‌താനയിലൂടെ വ്യക്തമാക്കി.
1992ലെ യൂറോ കപ്പ് ജേഴ്‌സിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡെന്മാര്‍ക്കിന്‍റെ ലോകകപ്പ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ആദ്യ ജേഴ്‌സി ചുവപ്പും രണ്ടാം ജേഴ്‌സി വെള്ളയും നിറത്തിലാണ്. ഖത്തര്‍ ലോകകപ്പിന്‍റെ സ്റ്റേഡിയം നിര്‍മാണം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച 2010 മുതല്‍ 6500 കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മരിച്ചവരില്‍ കൂടുതലും ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നും എംബസികളില്‍ നിന്നും ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ തൊഴിലാളികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആംസ്റ്റി ഇന്‍റര്‍നാഷണല്‍ ഫിഫയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. 48 പേജുള്ള റിപ്പോര്‍ട്ടാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോയ്ക്ക് സംഘടന നല്‍കിയത്. പ്രതിഫലം തടഞ്ഞുവയ്ക്കല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടുവെന്ന് ഈ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.
സ്റ്റേഡിയം നിര്‍മാണത്തിനിടെ മനുഷ്യാവകാശ ലംഘനം നേരിട്ട തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരത്തിനായി മുപ്പത്തിനാലായിരം കോടി രൂപ മാറ്റിവയ്ക്കണമെന്നും സംഘടന ഫിഫയോട് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ 40ല്‍ താഴെ മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് ഖത്തറിന്‍റെ വാദം.