സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണിന്‍റെ ഫൈനല്‍ ബെര്‍ത്തുറപ്പിച്ച് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു. വനിത സിംഗിള്‍സ് സെമിയില്‍ ജപ്പാന്‍റെ ലോക 38ാം നമ്പര്‍ താരം സയീന കവാകാമിയെയാണ് സിന്ധു തോല്‍പ്പിച്ചത്. 32 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഏഴാം നമ്പറായ സിന്ധുവിന്‍റെ വിജയം.
ആദ്യ സെറ്റില്‍ പൊരുതി നോക്കിയെങ്കിലും രണ്ടാം സെറ്റില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളിയാകാന്‍ ജപ്പാന്‍ താരത്തിന് കഴിഞ്ഞില്ല. സ്‌കോര്‍: 21-15 21-7. ഇതാദ്യമായാണ് സിന്ധു സിംഗപ്പൂർ ഓപ്പണിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2019ല്‍ സെമിയിലെത്തിയതാണ് ഇതിനുമുന്‍പുള്ള മികച്ച പ്രകടനം.
ഇനി ഒരു വിജയം കൂടി നേടിയാല്‍ സിന്ധുവിന് സീസണിലെ ആദ്യ സൂപ്പര്‍ 500 സീരീസ് കിരീടം നേടാം. ജപ്പാന്‍റെ ഓഹോരിയോ ചൈനയുടെ വാങ് ഷി യിയോ ആയിരിക്കും ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി. ഇരുതാരങ്ങളും ഇതുവരെ ഒരു മത്സരത്തിലും സിന്ധുവിനെ തോല്‍പ്പിക്കാനായിട്ടില്ല.