ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ. ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ വമ്പൻ ജയത്തോടെയാണ് ലിവർപൂൾ ആത്മവിശ്വാസം വീണ്ടെടുത്തത്. സൂപ്പർ താരം മുഹമ്മദ് സലാഹും ഡിയാഗോ ജോട്ടയും ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് യുർഗൻ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും വിജയം. കോഡി ഗാക്പോയും ഡാർവിൻ നൂനസും ഓരോ ഗോള്‍ വീതം നേടി.
പ്രീമിയർ ലീഗിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റിഡിനെതിരായ വമ്പൻ ജയത്തിന് ശേഷമുള്ള അഞ്ച് മത്സരങ്ങളിൽ ലിവർപൂളിന് ജയിക്കാനായിരുന്നില്ല. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു വിജയം. മൂന്ന് തോൽവിയും രണ്ട് സമനിലയ്‌ക്കും ശേഷമുള്ള ജയം ലിവർപൂളിന്‍റെ ആത്മവിശ്വാസമുയർത്തും.
ലീഡ്‌സ് യുണൈറ്റഡിന്‍റെ മൈതാനമായ എലൻഡ് റോഡിൽ നടന്ന മത്സരത്തിൽ 35-ാം മിനിട്ടിൽ അലക്‌സാണ്ടർ അർണോൾഡിന്‍റെ പാസിൽ നിന്ന് കോഡി ഗാക്‌പോയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. നാലുമിനിട്ടിനകം സലാഹിന്‍റെ ഗോളിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോളിന്‍റെ മൂൻതൂക്കത്തിൽ ലിവർപൂളിന്‍റെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ്‌സ് ഒരു ഗോൾ മടക്കി. 47-ാം മിനിട്ടിൽ ലിവർപൂൾ പ്രതിരോധ താരം ഇബ്രാഹിം കൊണാറ്റയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത സിനിസ്‌റ്റേറ ഗോൾകീപ്പർ അലിസണെ മറികടന്ന് ലക്ഷ്യം കണ്ടു. ഇതോടെ ലീഡ്‌സ് മത്സരത്തിൽ തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും 53-ാം മിനിട്ടിൽ ഡിയാഗോ ജോട്ട നേടിയ ഗോളിലൂടെ ലിവർപൂൾ ഗോൾനേട്ടം മൂന്നാക്കി ഉയർത്തി. ഇതോടെ മത്സരത്തിൽ പൂർണ ആധിപത്യം കൈക്കലാക്കിയ ലിവർപൂൾ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി.
64-ാം മിനിട്ടിൽ സലാഹും 73-ാം മിനിട്ടിൽ ഡിയാഗോ ജോട്ടയും ഗോൾനേട്ടം ഇരട്ടിയാക്കി. 90-ാം മിനിട്ടിൽ ഡാർവിൻ നൂനസിലൂടെ ലിവർപൂൾ ഗോൾപട്ടിക പൂർത്തിയാക്കി. ജയത്തോടെ 30 മത്സരങ്ങളിൽ നിന്ന് 47 പോയിന്‍റുമായി പട്ടികയിൽ എട്ടാമതാണ് ലിവർപൂൾ. തോൽവിയോടെ ലീഡ്‌സ് പതിനാറാമത് തുടരുന്നു. 31 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി തരംതാഴ്‌ത്തൽ മേഖലയോട് ചേർന്നാണ് ലീഡ്‌സ്.
ലീഡ്‌സ് യുണൈറ്റഡിന്‍റെ ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ അഞ്ചോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്. എവേ മത്സരങ്ങളിൽ ലിവർപൂളിന്‍റെ 250-ാം വിജയമാണിത്. 592 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ലിവർപൂൾ, ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ടീമാണ്.
470 മത്സരങ്ങളിൽ 250 എവേ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ടീം. ചെൽസി 554 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം പിന്നിട്ടപ്പോൾ 573-ാം മത്സരത്തിലാണ് ആഴ്‌സണൽ 250 എവേ വിജയങ്ങൾ നേടിയത്.
അപൂർവ റെക്കോഡുമായി സലാഹ് : ലീഡ്‌സിനെതിരായ ഇരട്ടഗോൾ നേട്ടത്തോടെ പ്രീമിയർ ലീഗിലെ ഒരു റെക്കോഡും സലാഹ് സ്വന്തം പേരിലാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇടംകാലുകൊണ്ട് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടമാണ് മുഹമ്മദ് സലാഹ് സ്വന്തമാക്കിയത്. ഡിയാഗോ ജോട്ടയുടെ പാസിൽ നിന്ന് നേടിയ ആദ്യ ഗോളിലാണ് അപൂർവനേട്ടം. മുൻ ലിവർപൂൾ താരം റോബി ഫ്ലോവർ നേടിയ 105 ഗോളുകളുടെ റെക്കോഡാണ് സലാഹ് മറികടന്നത്. നിലവിൽ 107 ഇടംകാൽ ഗോളുകളാണ് സലാഹിന്‍റെ സമ്പാദ്യം.