പാരിസ്: ഈ സീസണിന്‍റെ അവസാനത്തോടെ പിഎസ്‌ജിയുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നിലവിൽ പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തയ്യാറാകാത്ത മെസിക്ക് മുൻപിൽ മോഹന വാഗ്‌ദാനങ്ങളുമായാണ് ക്ലബുകൾ രംഗത്തുള്ളത്. സാമ്പത്തിക ബാധ്യത കാരണം ബാഴ്‌സലോണ വിട്ട സമയത്ത് ചെൽസി താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. മുൻ ബാഴ്‌സലോണ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്‌റ്റർ സിറ്റിയും മെസിയെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.
എന്നാൽ പിഎസ്‌ജിയിലെ രണ്ട് സീസണുകൾക്ക് ശേഷം ക്ലബ് വിടുമെന്ന വാർത്തകൾ കൂടുതൽ ശക്‌തമാകുന്നതിനിടെ മെസിക്ക് മുന്നിൽ നിരവധി ഓപ്ഷനുകളാണുള്ളത്. തന്‍റെ ബാല്യകാല ക്ലബിലേക്കുള്ള തിരിച്ചുപോക്ക് മുതൽ പാരിസ് ക്ലബുമായി കരാർ പുതുക്കുന്നത് അടക്കം നിരവധി അവസരങ്ങളാണ് മുന്നിലുള്ളത്. പിഎസ്‌ജി സൂപ്പർതാരത്തിന് മുൻപിൽ നിലവിലുള്ള ഓഫറുകളും താരത്തിന്‍റെ തീരുമാനങ്ങളും എങ്ങനെയായിരിക്കുമെന്നും പരിശോധിക്കാം...
മോഹന വാഗ്‌ദാനവുമായി സൗദി ക്ലബ് അൽ ഹിലാൽ... സൗദി ക്ലബായ അൽ നസ്‌ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതോടെ മെസിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനായി കച്ചകെട്ടി ഒരുങ്ങുകയാണ് ചിരവൈരികളായ അൽ ഹിലാൽ ക്ലബ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 350 മില്യൺ (3600 കോടി രൂപ) യൂറോയുടെ പ്രതിവർഷ കരാറാണ് അൽ ഹിലാൽ മെസിക്ക് മുൻപിൽ വെച്ചിട്ടുള്ളത്. അതായത് ക്രിസ്റ്റ്യാനോയ്‌ക്ക് അൽ നസ്‌ർ നൽകുന്നതിന്‍റെ ഇരട്ടി തുക പ്രതിഫലം.
മെസിയെ ബാഴ്‌സ തിരികെയെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽ ഹിലാലിന്‍റെ ഏറ്റവും പുതിയ ഓഫർ. ഈ കരാർ സാധ്യമായാൽ ഫുട്‌ബോൾ ഇതിഹാസങ്ങൾ വീണ്ടും നേർക്കുനേർ പോരടിക്കുന്നത് ആരാധകർക്ക് കൺകുളിർക്കെ കാണാം.. ഇത്രയും വലിയ ഓഫർ മുന്നിലുണ്ടെങ്കിലും 2024 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നത് വരെ താരം യൂറോപ്പിൽ തുടരാനാണ് സാധ്യത.
ബാഴ്‌സയിലേക്കുള്ള മടക്കം... രണ്ട് വർഷം മുൻപ് തന്‍റെ ബാല്യകാല ക്ലബായ ബാഴ്‌സലോണ വിട്ട മെസിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്‍റ്. ക്ലബിന്‍റെ വലിയ സാമ്പത്തിക ബാധ്യതയും ലാ ലിഗയുടെ നിബന്ധനകളുമാണ് മെസിയെ തന്‍റെ ഇഷ്‌ട ക്ലബ് വിടാൻ നിർബന്ധിതനാക്കിയത്. അതോടെ ഫ്രീ ഏജന്‍റായിട്ടാണ് മെസി ബാഴ്‌സലോണയോട് വിടപറഞ്ഞത്.
ബാഴ്‌സ പ്രസിഡന്‍റ് ജുവാൻ ലാപോർടെ, വൈസ് പ്രസിഡന്‍റ് റാഫ യുസ്റ്റെ, നിലവിലെ പരിശീലകൻ സാവി, ബാഴ്‌സയിൽ സഹതാരമായിരുന്ന തിയറി ഹെൻറി, കൂട്ടുകാരനും അർജന്‍റീന ടീമിൽ സഹതാരമായിരുന്ന അഗ്യൂറെ തുടങ്ങിയവരെല്ലാം മെസി ബാഴ്‌സയിൽ തിരികെയെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെസി തിരികെ ലിഗിലെത്താനുള്ള സാധ്യത വിരളമാണെന്നാണ് ലാ ലിഗ പ്രസിഡന്‍റ് ജാവിയേര്‍ ടെബാസ് പറഞ്ഞിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്‌സയ്‌ക്ക് വലിയ തുക പ്രതിഫലം നൽകി മെസിയെ തിരികെ കൊണ്ടുവരാൻ പരിമിതികളുണ്ടെന്നാണ് ടെബാസ് വ്യക്‌തമാക്കിയത്.
മെസിയെ പോലെ ഉയർന്ന വേതനം വാങ്ങുന്ന ഒരു താരത്തെ ക്ലബിന്‍റെ നിലവിലെ സാഹചര്യത്തിൽ ഉൾക്കൊളളാനുകുമോയെന്നത് ബാഴ്‌സയെ പ്രതിസന്ധിയിലാക്കും. അതിനായി ബാഴ്‌സയ്ക്ക് അവരുടെ ശമ്പള പരിധി 200 മില്യൺ പൗണ്ട് കുറയ്‌ക്കേണ്ടതുണ്ട്. അതിന് പുറമെ മെസിയെ ടീമിലെത്തിക്കാൻ പുതിയ സ്‌പോൺസർമാരെ തേടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്രയും വാർത്തകൾ പുറത്തുവന്നിട്ടും കറ്റാലൻ ക്ലബ് താരത്തിനായി ഓഫറുകളൊന്നും നൽകിയിട്ടില്ലെന്നും മെസിയും ബാഴ്‌സ പ്രസിഡന്‍റ് ജുവാൻ ലാപോർടെ ചർച്ചകൾ നടത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
പിഎസ്‌ജിക്കൊപ്പം തുടരാം... മെസി ഫ്രാൻസിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മെസി ടീമിൽ തുടരുമോ ഇല്ലയോ എന്നതിൽ പരസ്യ പ്രസ്‌താവന നടത്തുന്നില്ല. താരവുമായി ചർച്ചകൾ നടക്കുന്നുണ്ടോ എന്നതിൽ വ്യക്‌തതയില്ല. എന്നാൽ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞതുപോലെ ലിയോ ക്ലബ്ബിൽ തുടരണമെന്നാണ് മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നത്... പിഎസ്‌ജി വ്യക്‌തമാക്കി
എന്നാൽ പിഎസ്‌ജിയുടെ തുടർതോൽവികളിൽ ആരാധകരുടെ കൂക്കിവിളിയ്‌ക്കും പരിഹാസത്തിനും ഇരയായ മെസിയെ ടീമിനൊപ്പം തുടരുന്നതിൽ കൂടുതൽ ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിന് മുമ്പുള്ള വാക്കാലുള്ള ഉടമ്പടി നിലനിൽക്കില്ലെങ്കിലും കരാർ പുതുക്കുന്നതിൽ ക്ലബ് നൽകിയ ഓഫർ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കിലിയൻ എംബാപ്പെക്ക് തുല്യ വേതനവും ആനൂകുല്യങ്ങളുമാണ് കരാർ പുതുക്കുന്നതിനായി മെസി മുന്നോട്ടുവെച്ച ആവശ്യങ്ങളെന്നും എന്നാൽ ഇക്കാര്യത്തിൽ പിഎസ്‌ജിക്ക് അനുകൂലമായ തീരുമാനമല്ല ഉള്ളെതെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു.
ഗാർഡിയോള റീയൂണിയൻ... 2021 ൽ ബാഴ്‌സലോണ വിടാൻ നിർബന്ധിതനായ സമയത്തും മുൻ ബാഴ്‌സ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഗോൾ മെഷീൻ എർലിങ് ഹാലണ്ട്, മികച്ച പ്ലേമക്കറായ ഡി ബ്രൂയിൻ അടക്കം താരസമ്പന്നമായ സിറ്റി മെസിയെ ടീമിലെത്തിക്കുമോ എന്നത് കണ്ടറിയാം. ഒരു സീസണിൽ 40 മില്യൺ യൂറോയാണ് മെസിയുടെ പ്രതിഫലം. ഇത് സിറ്റി മാനോജ്‌മെന്‍റ് അംഗീകരിച്ചാൽ 36-ാം വയസിൽ ഉയർന്ന ശാരീരികക്ഷമത ആവശ്യമുള്ള പ്രീമിയർ ലീഗിൽ മെസി തന്‍റെ പഴയ പരിശീലകന് കീഴിൽ പന്ത് തട്ടും.
മേജർ സോക്കർ ലീഗ്... എംഎൽഎസ് ക്ലബായ ഇന്‍റർ മിയാമിയിലേക്ക് പോകുകയാണ് മെസിക്ക് മുന്നിലെ മറ്റൊരു സാധ്യത. ഇതിൽ തന്നെ വ്യക്‌തമായ ഓഫറുകളൊന്നും മെസിക്ക് ലഭിച്ചിട്ടില്ല. ഡേവിഡ് ബെക്കാമിന് കീഴിലുള്ള ഇന്‍റർ മിയാമിക്ക് സൗദി ക്ലബ് ഓഫർ ചെയ്‌ത അത്രയും പ്രതിഫലം നൽകാനാവില്ല. എന്നാൽ ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് അനുസരിച്ച്, അതിനുള്ള പരിഹാരമായി മെസിക്ക് ഫ്രാഞ്ചൈസിയിൽ ഇക്വിറ്റി ഓഹരി നൽകുക എന്നതാണ്.
ഏറ്റവും മികച്ച സാഹചര്യത്തിൽ കളിക്കാനാണ് മെസി എപ്പോഴും ഇഷ്‌ടപ്പെടുന്നത്. സൗദി അറേബ്യയിലേക്കോ എംഎൽഎസിലേക്കോ മാറുന്നത് കാലതാമസം വരുത്തിയാൽ താരം പിഎസ്‌ജിയിൽ കരാർ പുതുക്കുന്നതിന് കാരണമായേക്കാം. അതുപോലെ തന്നെ അടുത്ത സീസണിൽ ആരായിരിക്കും പരിശീലകൻ എന്നറിയാനും സഹതാരങ്ങളായ സെർജിയോ റാമോസ്, കിലിയൻ എംബാപ്പെ, നെയ്‌മർ എന്നിവർ ടീമിൽ തുടരുന്നതും താരം നിരീക്ഷിച്ചേക്കും. മെസി ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറല്ലെന്നത് പിഎസ്‌ജിയുമായി നടക്കുന്ന ചർച്ചകളെ ബാധിക്കാൻ സാധ്യതയില്ല.