കോഴിക്കോട്: കട്ടൗട്ട് പോരിൽ റെക്കോഡിട്ട് പരപ്പൻപൊയിൽ. ലയണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ആണ് സ്ഥാപിച്ചിരിക്കുന്നത്. ആരാധകര്‍ താളമേളങ്ങളുമായാണ് ഇതിഹാസ താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഇവിടെയെത്തിയത്.
45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടെയും കട്ടൗട്ട് ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്നു. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് അര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയായിരുന്നു നെയ്‌മറുടെ 55 അടി ഉയരമുള്ള കട്ടൗട്ടുമായി ബ്രസീലിയന്‍ ആരാധകരെത്തിയത്.
ഇപ്പോള്‍ മെസിയുടെ കട്ടൗട്ടും പരപ്പൻ പൊയിലില്‍ പ്രത്യക്ഷപ്പെട്ടതോടെ ത്രികോണ പോരാട്ടം പൂര്‍ത്തിയായി. ഒന്നേകാൽ ലക്ഷമാണ് നിലവിൽ കേരളത്തിൽ തന്നെ ഏറ്റവും തലപ്പൊക്കമുള്ള മെസിയുടെ കട്ടൗട്ടിന് ചെലവായത്. പുള്ളാവൂർ ചെറുപുഴയിൽ തുടങ്ങിയ കട്ടൗട്ട് പോര് വേറൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.