തിലക് മൈതാൻ : ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയമുറപ്പിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ ഹൈദരാബാദ് എഫ് സിയാണ് എതിരാളികൾ. രാത്രി 7.30 ന് തിലക് മൈതാനിലാണ് മത്സരം.
അതേസമയം നീണ്ട ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ഈ മാസം രണ്ടാം തീയതി ഗോവക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരം. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും, അഞ്ച് സമനിലയും, ഒരു തോൽവിയും ഉൾപ്പടെ 14 പോയിന്‍റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ എട്ട് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം അറിയാതെ മുന്നേറിയത്.
ALSO READ: ലെജന്‍ഡ്‌സ് ലീഗിന് സച്ചിനുണ്ടാവില്ല; വ്യക്തത വരുത്തി എസ്‌ആര്‍ടി മാനേജ്‌മെന്‍റ്
അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വോസ്, ഹോർഗെ പെരേരാ ഡിയാസ് എന്നിവരടങ്ങിയ മുന്നേറ്റ നിര തന്നെയാണ് കേരളത്തിന്‍റെ കരുത്ത്. സഹൽ അബ്‌ദുൾ സമദും മികച്ച ഫോമിലാണ്. കൂടാതെ ലെസ്‌കോവിച്ചും ഹോർമിപാമും ചേർന്ന പ്രതിരോധ നിരയും വളരെ ശക്തമാണ്.
എന്നാൽ എതിരാളികളും വളരെ കരുത്തരാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ മുൻതാരം ബാർത്തലോമിയോ ഒഗ്ബചേയുടെ മികവിലാണ് ബൈദരാബാദിന്‍റെ മുന്നേറ്റം. ഒഗ്ബചേ ഒൻപത് കളിയിൽ നിന്നായി ഒൻപത് ഗോൾ നേടിക്കഴിഞ്ഞു.