ന്യൂഡല്‍ഹി: ലോക ഹോക്കി റാങ്കിങ്ങില്‍ എക്കാലത്തേയും ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ വനിത ടീം. ഏറ്റവും പുതിയ എഫ്‌ഐഎച്ച് റാങ്കിങ്ങില്‍ ആറാം സ്ഥാനമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. 2029.396 പോയിന്‍റുമായി സ്‌പെയിനെ പിന്തള്ളിയാണ് ഇന്ത്യന്‍ ടീമിന്‍റെ മുന്നേറ്റം.
എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിലെ മോശം പ്രകടനമാണ് സ്‌പെയിന് വിനയായത്. ഏഴാം സ്ഥാനത്തുള്ള സ്‌പെയിന് 2016.149 പോയിന്‍റാണുള്ളത്. 3049.495 പോയിന്‍റുമായി നെതർലൻഡ്‌സാണ് റാങ്കിങ്ങില്‍ തലപ്പത്തുള്ളത്. അർജന്‍റീന (2674.837), ഓസ്‌ട്രേലിയ (2440.750), ഇംഗ്ലണ്ട് (2204.590), ജർമ്മനി (2201.085) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
ഒരു ടീം എന്ന നിലയിൽ, വനിത ഹോക്കിയിൽ മെച്ചപ്പെടാനും സ്ഥിരതയുള്ള മത്സരാർഥിയാകാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് നേട്ടത്തെക്കുറിച്ച് ഇന്ത്യൻ വനിത ഹോക്കി ടീം മുഖ്യ പരിശീലകന്‍ ജാനെകെ ഷോപ്‌മാൻ പറഞ്ഞു. തങ്ങള്‍ ശരിയായ പാതയിലാണെന്നതിന്‍റെ മികച്ച സൂചകമാണ് റാങ്കിങ്ങിലെ ഉയര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ വനിത ടീം ക്യാപ്‌റ്റൻ സവിതയും നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. "കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ നടത്തിയ എല്ലാ കഠിനാധ്വാനത്തിന്‍റെയും ഫലമാണിത്. ശക്തമായ എതിരാളികള്‍ക്കെതിരെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും മികച്ച ഫലങ്ങൾ നേടുകയും ചെയ്‌തു. ഐക്യത്തോടെ വളരുകയും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു"- സവിത പറഞ്ഞു.
also read: ആര്‍ത്തവ വേദനയില്‍ സ്വപ്‌നം പൊലിഞ്ഞു; കളിക്കളത്തില്‍ പുരുഷനായിരുന്നെങ്കിലെന്ന് ചാങ് ഷിന്‍വെന്‍
അതേസമയം പുരുഷ ടീം റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴ്‌ന്ന സംഘം നാലാമതെത്തി. നെതർലൻഡ്‌സാണ് ഇന്ത്യയെ പിന്തള്ളി മൂന്നാമതെത്തിയത്. ഓസ്‌ട്രേലിയയാണ് റാങ്കിങ്ങില്‍ തലപ്പത്തുള്ളത്. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്.